
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ താരിഫ് സംബന്ധിച്ച ആശങ്കകള്‍ക്കിടെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും റെക്കോര്‍ഡ്. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തിന്റെ ആദ്യ ദിവസത്തില്‍ സ്വര്‍ണം ഗ്രാം വില 85 രൂപ വര്‍ധിച്ച് 8,510 രൂപയിലെത്തി. പവന്‍ വില 680 രൂപ കൂടി 68,080 രൂപയുമായി. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില പവന് 68,000 രൂപ കടക്കുന്നത്.
കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,980 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 112 രൂപ എന്ന നിലയില്‍ തുടരുകയാണ്.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ഏപ്രില്‍ രണ്ട് മുതല്‍ പകരചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതെങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോള്‍ വ്യവസായ ലോകം ഉറ്റുനോക്കുന്നത്. ഇതാണ് സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ട്രംപിന്റെ പകരചുങ്കത്തില്‍ തീരുമാനമാകുന്നത് വരെ സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി അയവില്ലാതെ തുടരുന്നത്, കേന്ദ്രബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ വര്‍ധിച്ചത് തുടങ്ങിയ കാരണങ്ങളും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറക്കാനാണ് കേന്ദ്രബാങ്കുകള്‍ സ്വര്‍ണനിക്ഷേപം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ പ്രതിവര്‍ഷം ശരാശരി 1,000 ടണ്‍ സ്വര്‍ണമെങ്കിലും വാങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയാണെങ്കിലും മനസിനിണങ്ങിയ മോഡലിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 73,682 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും സ്വര്‍ണവിലയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. കേരളത്തില്‍ വിവാഹസീസണ്‍ അടുത്തിരിക്കെ സ്വര്‍ണ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നത് വിവാഹ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാണ്. മുന്‍കൂട്ടി സ്വര്‍ണം ബുക്ക് ചെയ്യാതെ വില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്കാണ് ഇരട്ടി പ്രഹരമായത്.
Read DhanamOnline in English
Subscribe to Dhanam Magazine