
മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലും ഇറാലും യുദ്ധത്തിന്റെ വക്കിലെത്തിയതോടെ പിടിവിട്ട് കുതിച്ച് സ്വര്‍ണവില. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയാണ് ഇന്നത്തെ വില. പവന് 1,560 രൂപ വര്‍ധിച്ച് 74,360 രൂപയിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും വലിയ വിലയാണിത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ പവന് 74,320 രൂപയെന്ന വിലയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന വ്യോമാക്രമണം നടത്തിയത്. ഇതില്‍ ഇറാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ആണവ പരീക്ഷണ കേന്ദ്രങ്ങളെയും മിസൈല്‍ സംഭരണികളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇനിയും തുടരുമെന്നുമാണ് ഇസ്രയേല്‍ വിശദീകരണം. ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനിഇയുടെ പ്രതികരണം. മിഡില്‍ ഈസ്റ്റ് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണം പിടിവിട്ട് കുതിച്ചത്.
ഇതിന് പുറമെ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണവിലയെ സ്വാധീനിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന യു.എസ് തൊഴില്‍ കണക്കുകളും പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും നിര്‍ണായകമായി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 46 ഡോളര്‍ (ഏകദേശം ഒന്നര ശതമാനം) വര്‍ധിച്ച സ്വര്‍ണം നിലവില്‍ 3,426 ഡോളറെന്ന നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളറെന്ന റെക്കോഡ് വില മറികടക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം നല്‍കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്ക് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 84,235 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്.
Gold prices spiked over 1% as soaring Israel–Iran tensions triggered a flight to safe-haven assets, with spot gold nearing $3,425/oz
Read DhanamOnline in English
Subscribe to Dhanam Magazine