
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,995 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 71,960 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,385 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ. സംസ്ഥാനത്ത് പവന് 73,040 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. പവന് 68,880 രൂപ വരെ താഴ്ന്നിരുന്നു.
ആഗോള വ്യാപാര സൂചനകളും യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. ഡോളര്‍ ഇന്‍ഡെക്‌സ് 0.20 ശതമാനത്തോളം ഇടിഞ്ഞതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിന് കുറഞ്ഞ തുക നല്‍കിയാല്‍ മതിയെന്ന സ്ഥിതിയിലാണ്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു. ഉടന്‍ പുറത്തുവരാനിരിക്കുന്ന യു.എസ് സാമ്പത്തിക റിപ്പോര്‍ട്ടും നിക്ഷേപകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. യു.എസ് ഫെഡ് നിരക്കുകള്‍ എങ്ങനെയാകുമെന്ന സൂചന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആഗോള വ്യാപാര യുദ്ധത്തിനും ആഗോള പ്രശ്‌നങ്ങള്‍ക്കും അയവു വന്നതോടെ കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. എന്നാല്‍ യു.എസ് കോണ്‍ഗ്രസ് അടുത്തിടെ പാസാക്കിയ പുതിയ നികുതി ബില്‍ അമേരിക്കയിലെ കടബാധ്യത വര്‍ധിപ്പിക്കുമോയെന്ന ആശങ്കയും ശക്തമാക്കി. ഇതോടെ സ്വര്‍ണലവിലയിലും ഡോളര്‍ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ചൈന-യുക്രെയിന്‍ പ്രശ്‌നം രൂക്ഷമാകുന്നതും സ്വര്‍ണവിലയെ ഉയര്‍ത്തുന്നുണ്ട്. ഇതിനിടയില്‍ ചൈനീസ് കേന്ദ്രബാങ്കുകളുടെ സ്വര്‍ണ നിക്ഷേപം വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചെന്നാണ് കരുതുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പവന് 77,878 രൂപയെങ്കിലും വേണം. ഒരു പവന്‍ സ്വര്‍ണത്തിന് 77,878 രൂപയാണ് വിലയെങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും നല്‍കേണ്ടി വരും. സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണത്തിന്റെ വ്യാപാര വില നിശ്ചയിക്കുന്നത്. സ്വര്‍ണാഭരണത്തിന്റെ ഡിസൈനും മോഡലും അനുസരിച്ച് ഈ വിലയിലും മാറ്റം വരാം.
Read DhanamOnline in English
Subscribe to Dhanam Magazine