സ്വര്‍ണം വീണ്ടും മുന്നോട്ട്, എല്ലാ കണ്ണുകളും ടെഹ്‌റാനില്‍; വില കുതിക്കുമോ?

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,630 രൂപയിലെത്തി.
സ്വര്‍ണം വീണ്ടും മുന്നോട്ട്, എല്ലാ കണ്ണുകളും ടെഹ്‌റാനില്‍; വില കുതിക്കുമോ?
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുതിപ്പ്. ഗ്രാമിന് 35 രൂപ മാത്രമേ വര്‍ധിച്ചുള്ളുവെങ്കിലും ഉയര്‍ന്നു നില്ക്കുന്ന വിലയില്‍ ചെറിയൊരു വര്‍ധന പോലും ഉപയോക്താക്കള്‍ക്ക് അധികഭാരം സമ്മാനിക്കും. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,155 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 280 രൂപ വര്‍ധിച്ച് 1,13,240 രൂപയിലെത്തി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,630 രൂപയിലെത്തി. പവന് 93,040 രൂപയും. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,060 രൂപയും ഒന്‍പത് കാരറ്റിന്റേത് 5,840 രൂപയുമാണ്. വെള്ളിവില 260 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

ചര്‍ച്ചയില്‍ കണ്ണുനട്ട് സ്വര്‍ണവിപണി

ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് സ്വര്‍ണവിപണിയുടെ ശ്രദ്ധയത്രയും. ഇറാന്‍ വിട്ടുവീഴ്ച്ച മനോഭാവത്തിലേക്ക് മാറിയത് ചര്‍ച്ചകളുടെ വിജയത്തില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ മിഡില്‍ ഈസ്റ്റ് യുദ്ധം വീണ്ടും കടുക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ സര്‍വത്ര മേഖലയിലും വിലക്കയറ്റത്തിന് വഴിയൊരുങ്ങും.

സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിക്കാനും വില കുതിച്ചുയരാനും ഇത് കാരണമാകും. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ വില കുത്തനെ വര്‍ധിക്കുന്നതാണ് സ്വര്‍ണത്തിന്റെ മുന്‍കാല ചരിത്രം.

ഒരു പവന്‍ സ്വര്‍ണം വാങ്ങാനെത്ര ചെലവാകും

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,240 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില കണക്കാക്കുന്നത്. അതു പ്രകാരം 1,23,500 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com