

സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വലിയ കുതിപ്പ്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കൂടി. ഒരു ഗ്രാമിന് ഇന്നത്തെ വില 13,965 രൂപയാണ്. പവന്‍ വില 1,11,720 രൂപയും. ഓഗസ്റ്റില്‍ ആദ്യത്തെ എട്ടുദിവസം കൊണ്ട് പവനില്‍ 6,000 രൂപയ്ക്ക് മുകളിലാണ് കൂടിയത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,475 രൂപയിലെത്തി, പവന്‍വില 91,800 രൂപ. 14 കാരറ്റിന് ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവില ഇന്നും ഗ്രാമിന് 245 രൂപയില്‍ തുടരുന്നു.
ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വര്‍ണ്ണവിപണി വീണ്ടും ശക്തമായി തിരിച്ചുവരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 5,602 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം ശക്തമായ തിരുത്തലിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 3,940 ഡോളര്‍ വരെ താഴ്ന്നിരുന്നു. റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് 1,662 ഡോളറിന്റെ വലിയ ഇടിവാണ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടത്തിന്റെ പ്രതിഫലനം കേരളത്തിലെ സ്വര്‍ണവിലയിലും ശക്തമായി പ്രകടമായി. ഈ വര്‍ഷം ജനുവരി 29നാണ് കേരളത്തിലെ സ്വര്‍ണവില ചരിത്രത്തിലെ റെക്കോര്‍ഡ് നിലവാരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. തുടര്‍ന്ന് ഏകദേശം ഏഴ് മാസത്തിനിടെ സ്വര്‍ണവിലയില്‍ വലിയ തിരുത്തലുണ്ടായി.
ഒരു ഘട്ടത്തില്‍ കേരളത്തിലെ വില ഗ്രാമിന് 12,845 വരെയും പവന് 1,02,760 വരെയും താഴ്ന്നു. റെക്കോര്‍ഡ് വിലയില്‍ നിന്ന് ഗ്രാമിന് 3,550യും ഒരു പവന് 28,400യും കുറഞ്ഞു. റെക്കോര്‍ഡ് പവന്‍ വിലയില്‍ നിന്ന് ഏകദേശം 21.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
ഇന്നലെ പുറത്തുവന്ന യുഎസ് തൊഴില്‍ ഡാറ്റയും സ്വര്‍ണവിലയ്ക്ക് അനുകൂലമായി. ജൂലൈയില്‍ 85,000 തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുഎസ് സമ്പദ്വ്യവസ്ഥയില്‍ 23,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതാണ് പുറത്തുവന്ന കണക്ക്. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ദുര്‍ബലമായ തൊഴില്‍ വിപണി ഡാറ്റയാണിത്.
തൊഴില്‍ വിപണിയിലെ ദുര്‍ബലത കണക്കിലെടുത്ത് ഈ വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വ് ധനനയം കൂടുതല്‍ കര്‍ശനമാക്കാനുള്ള സാധ്യത പരിമിതപ്പെടുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ ശക്തമായിരിക്കുന്നത്. പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയുന്നതും ഭാവിയില്‍ നിരക്കിളവിനുള്ള പ്രതീക്ഷ വര്‍ധിക്കുന്നതും സ്വര്‍ണത്തിന് അനുകൂല ഘടകങ്ങളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine