ഓഗസ്റ്റ് കയറ്റത്തിനൊടുവില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, പവനില്‍ ₹280 രൂപ കുറവ്; ഇന്നത്തെ നിരക്കറിയാം

ഓഗസ്റ്റ് കയറ്റത്തിനൊടുവില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, പവനില്‍ ₹280 രൂപ കുറവ്; ഇന്നത്തെ നിരക്കറിയാം
Published on

ഓഗസ്റ്റില്‍ തകര്‍ത്തു മുന്നേറിയ സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 35 രൂപയും പവനില്‍ 280 രൂപയും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 1,11,440 രൂപയാണ്. ഒരു ഗ്രാമിന്റെ വില 13,930 രൂപയും.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,445 രൂപയും പവന് 91,560 രൂപയുമാണ്. വെള്ളിവില 245 രൂപയില്‍ തുടരുന്നു. കേരളത്തില്‍ ചിങ്ങം മുതല്‍ വിവാഹ സീസണ്‍ തുടങ്ങുകയാണ്. കല്യാണ സീസണില്‍ സ്വര്‍ണവില ഉയരുന്നത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകും.

കുതിപ്പിന്റെ ഓഗസ്റ്റ്

ഓഗസ്റ്റിലെ ആദ്യ ദിവസങ്ങളില്‍ ആഗോള വിപണിയിലുണ്ടായ സ്വര്‍ണക്കുതിപ്പ് കേരളത്തിലെ ആഭരണ വിപണിയിലും ശക്തമായി പ്രതിഫലിച്ചു. ഓഗസ്റ്റ് മൂന്നിന് അന്താരാഷ്ട്ര വില ഔണ്‍സിന് 4,030 ഡോളറിനടുത്തായിരുന്നെങ്കില്‍, ഓഗസ്റ്റ് 7ന് 4,336 ഡോളറിലേക്ക് ഉയര്‍ന്ന് ഏഴ് ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി. നാല് ദിവസത്തിനിടെ മാത്രം ആഗോള വിലയില്‍ ഏകദേശം 7.6 ശതമാനം വര്‍ധനയുണ്ടായി.

ഈ മാറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് മൂന്നിന് പവന് 1,05,760 രൂപയും ഗ്രാമിന് 13,220 രൂപയുമായിരുന്ന വില ഓഗസ്റ്റ് എട്ടിന് യഥാക്രമം 1,11,720 രൂപയും 13,965 രൂപയുമായി. ഓഗസ്റ്റിലെ ആദ്യ എട്ട് ദിവസത്തിനുള്ളില്‍ മാത്രം പവന് 5,960 രൂപയും ഗ്രാമിന് 745 രൂപയും വര്‍ധിച്ചു. വിവാഹ-ഓണ സീസണിലേക്കു കടക്കുന്ന കേരളത്തിലെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ദിവസത്തിനുള്ളിലുണ്ടായ ഈ വിലക്കയറ്റം ആഭരണ വാങ്ങല്‍ ചെലവ് ഗണ്യമായി ഉയര്‍ത്തുന്നതാണ്.

അമേരിക്കയിലെ ദുര്‍ബലമായ തൊഴില്‍ കണക്കുകളും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളിലുണ്ടായ മാറ്റവുമാണ് ആഗോള സ്വര്‍ണക്കുതിപ്പിന് പ്രധാന കരുത്തായത്. ഡോളറും യു.എസ് ട്രഷറി യീല്‍ഡും ദുര്‍ബലമായതും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തി.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് എത്രയാകും?

വെള്ളിയാഴ്ചയും ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,22,142 രൂപയെങ്കിലും നല്‍കിയാലാണ് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോള്‍ വാങ്ങാന്‍ കഴിയുക. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com