രാവിലത്തെ നേട്ടം ഉച്ചയോടെ 'ആവിയായി', സ്വര്‍ണത്തില്‍ വാങ്ങലുകാര്‍ക്ക് തിരിച്ചടി

അടിക്കടിയുള്ള വിലവര്‍ധനയില്‍ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങുന്നവരാണ് പെട്ടുപോയത്.
രാവിലത്തെ നേട്ടം ഉച്ചയോടെ 'ആവിയായി', സ്വര്‍ണത്തില്‍ വാങ്ങലുകാര്‍ക്ക് തിരിച്ചടി
chatgpt
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം കുതിപ്പ്. രാവിലെ ഗ്രാമിന് 190 രൂപ കുറഞ്ഞിട്ട് ഉച്ചയ്ക്കുശേഷം 125 രൂപ വര്‍ധിച്ചു. ഗ്രാംവില നിലവില്‍ 14,090 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍വില 1,12,720 രൂപയായി വര്‍ധിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 11,580 രൂപയായി ഉയര്‍ന്നു.

ഉച്ചയ്ക്കുശേഷമുള്ള വര്‍ധനയോടെ ഇന്നത്തെ സ്വര്‍ണവിലയിലെ കുറവ് ഗ്രാമിന് 75 രൂപ മാത്രമായി. അടിക്കടിയുള്ള വിലവര്‍ധനയില്‍ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങുന്നവരാണ് പെട്ടുപോയത്. വിവാഹ പാര്‍ട്ടികള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇത് ജുവലറികളുടെ വരുമാനം കുറയാന്‍ കാരണമായിട്ടുണ്ട്.

ഭാവി എങ്ങനെ?

സ്വര്‍ണം കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന ലോകക്രമമാകും വരുകയെന്നാണ് പൊതുവിലയിരുത്തല്‍. രാജ്യങ്ങള്‍ തങ്ങളുടെ സമ്പത്ത് സ്വര്‍ണത്തിലേക്കാണ് ക്രമീകരിക്കുന്നത്. ഇപ്പോള്‍ ചെറിയ ഇറക്കങ്ങള്‍ സംഭവിച്ചാലും സ്വര്‍ണവില കുതിക്കുമെന്ന് തന്നെയാണ് വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം. വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.

ഡോളര്‍ ശേഖരണത്തേക്കാള്‍ രാജ്യങ്ങള്‍ സ്വര്‍ണത്തിലേക്ക് തങ്ങളുടെ കരുതല്‍ ആസ്തികള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നു. ഇതിനൊപ്പം സാധാരണ നിക്ഷേപകരും സ്വര്‍ണത്തില്‍ വലിയ താല്പര്യം കാണിക്കുന്നു. ഇതും വില കുതിക്കാന്‍ ഇടയാക്കുന്ന ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണ്ടത്

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,27,320 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com