സ്വര്‍ണം വാങ്ങാനാണേല്‍ ഉച്ചയ്ക്ക് മുമ്പേ പൊയ്‌ക്കോളൂ, ഇന്നും വന്‍ വര്‍ധന; ഇന്നത്തെ നിരക്കുകളറിയാം

ഇന്നലെ രാവിലെയും വൈകുന്നേരവുമായി മൂന്നു തവണയാണ് സ്വര്‍ണവില കൂടിയത്. സമാന പ്രവണത ഇന്നും തുടരുമെന്ന സൂചനകളാണ് കേരളത്തിലെ വ്യാപാരികള്‍ നല്കുന്നത്.
gold price
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,725 രൂപയിലെത്തി. ഒരു പവന്റെ വിലയാകട്ടെ 1,01,800 രൂപയാണ്. ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം.

ആഗോള തലത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. വെനസ്വേലയിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്. ഓഹരി വിപണികളിലും മറ്റ് മാര്‍ഗങ്ങളിലും നിക്ഷേപിച്ചവര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് വില ഉയരാന്‍ കാരണം.

ഇന്നലെ രാവിലെയും വൈകുന്നേരവുമായി മൂന്നു തവണയാണ് സ്വര്‍ണവില കൂടിയത്. സമാന പ്രവണത ഇന്നും തുടരുമെന്ന സൂചനകളാണ് കേരളത്തിലെ വ്യാപാരികള്‍ നല്കുന്നത്. ആഗോള വിപണിയില്‍ വില അടിക്കടി മാറുന്നുണ്ട്. ഇത് കേരളത്തിലും മാറ്റത്തിന് കാരണമാകും.

സ്വര്‍ണം വാങ്ങാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാവിലത്തെ സമയമാണ് നല്ലതെന്നാണ് വ്യാപാരികളുടെ പക്ഷം. കേരളത്തില്‍ ഒട്ടുമിക്ക ജുവലറികളിലും കൂടുതല്‍ കച്ചവടം നടക്കുന്നത് രാവിലെ 11 മണി മുതല്‍ ഉച്ചവരെയാണ്.

വലിയ കുറവ് പ്രതീക്ഷിക്കാമോ?

കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത് ആഗോള സംഘര്‍ഷങ്ങളായിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളും റഷ്യ-യുക്രെയ്ന്‍ യുദ്ധവും വിലയില്‍ നിര്‍ണായകമായി. ഈ വര്‍ഷവും സംഘര്‍ഷങ്ങള്‍ക്ക് വലിയ മാറ്റമുണ്ടായേക്കില്ല. ഇറാനെതിരേ വീണ്ടും ആയുധമെടുത്തേക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്കിയതും തായ്‌വാന് മേല്‍ ബലപ്രയോഗം നടത്താന്‍ ചൈന തക്കംപാര്‍ത്തിരിക്കുന്നതും ആഭരണപ്രേമികള്‍ക്ക് മോശം വാര്‍ത്ത സമ്മാനിച്ചേക്കും.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,10,500 രൂപയെങ്കിലും നല്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com