യുദ്ധഭീതിയില്‍ ഇരച്ചുകയറി സ്വര്‍ണം, ഒറ്റദിവസം കൊണ്ട് വന്‍ വിലവര്‍ധന; ട്രംപ് കൂടി എത്തുമ്പോള്‍ റെക്കോഡ് തകര്‍ക്കും?

പശ്ചിമേഷ്യയില്‍ ഹമാസിനും യെമനിലെ ഹൂതി വിമതര്‍ക്കുമെതിരേ കനത്ത ആക്രമണം നടത്തുമെന്ന ഇസ്രയേല്‍ പ്രഖ്യാപനവും ഇന്ത്യ-പാക് സംഘര്‍ഷം കനത്തതുമാണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണം
Rupee up graph, gold, war
Image : Canva
Published on

രാജ്യാന്തര സ്വര്‍ണവിലയില്‍ വന്‍വര്‍ധന. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവന് 2,000 രൂപ വര്‍ധിച്ചു. ഗ്രാം വിലയില്‍ 250 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,025 രൂപയായപ്പോള്‍ പവന്‍നില 72,200 രൂപയായി ഉയര്‍ന്നു. ഈ മാസത്തെ ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,410 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 108 ലെത്തി.

യുദ്ധഭീതി വില്ലന്‍

രാജ്യാന്തര തലത്തില്‍ യുദ്ധഭീതി വീണ്ടും സജീവമായതാണ് ഇന്നത്തെ വിലക്കയറ്റത്തിന് കാരണം. പശ്ചിമേഷ്യയില്‍ ഹമാസിനും യെമനിലെ ഹൂതി വിമതര്‍ക്കുമെതിരേ കനത്ത ആക്രമണം നടത്തുമെന്ന ഇസ്രയേല്‍ പ്രഖ്യാപനവും ഇന്ത്യ-പാക് സംഘര്‍ഷം കനത്തതുമാണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണം.

ഭൗമ രാഷ്ട്രീയ കാരണങ്ങള്‍ പലപ്പോഴും സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാന്‍ ഇടയാക്കാറുണ്ട്. ഇതാണ് ഇപ്പോള്‍ സംഭവിച്ചത്. യുദ്ധം സംഭവിച്ചാല്‍ ഓഹരി വിപണിയും മറ്റ് നിക്ഷേപങ്ങളും തകരും. എന്നാല്‍ സ്വര്‍ണത്തിന് കാര്യമായ ഇടിവ് സംഭവിക്കുകയുമില്ല.

അന്താരാഷ്ട്ര സ്വര്‍ണ്ണവില ഏപ്രില്‍ 22ന് 3,500 ഡോളറിലേക്ക് എത്തിയതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ 250 ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഇന്നലെ രാവിലെ സ്വര്‍ണ്ണവില നിശ്ചയിക്കുമ്പോള്‍ 3257 ഡോളര്‍ ആയിരുന്നു സ്വര്‍ണവില. ഇന്ന് 3,362 ഡോളര്‍. ഇപ്പോഴത്തെ ട്രെന്‍ഡ് ഇതേ രീതിയില്‍ മുന്നോട്ടു നീങ്ങിയാല്‍ 3,500 ഡോളര്‍ കടന്നു മുന്നോട്ടു പോകുമെന്നാണ് ഗോള്‍ഡ് മാന്‍സാച്ചസ് അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ അക്ഷയതൃതീയയ്ക്കുശേഷം സ്വര്‍ണ വ്യാപാരം മെച്ചപ്പെടുന്നതിനിടയാണ് ഈ വിലവര്‍ധനവ് ഉണ്ടായിട്ടുള്ളത്.

ആഭരണം വാങ്ങാന്‍ എത്ര വേണം

ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72,200 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 78,137 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.

Gold prices surge to record highs amid global war tensions and investment shifts, with one sovereign reaching ₹72,200

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com