റോഡിന് അപ്പുറത്തും ഇപ്പുറത്തും സ്വര്‍ണത്തിന് 'രണ്ടുവില'; സംഘടനകളില്‍ തട്ടി ആശയക്കുഴപ്പം

പല ജുവലറികളിലും വ്യത്യസ്ത വിലകളാണ്. സ്വര്‍ണ വ്യാപാരികളുടെ സംഘടനയിലെ പിളര്‍പ്പും പ്രശ്‌നങ്ങളുമാണ് സ്വര്‍ണവില നിശ്ചയിക്കുന്നതിലും പ്രതിഫലിക്കുന്നത്
gold ring
canva
Published on

കേരളത്തില്‍ സ്വര്‍ണവിലയെത്രയാണ്? പെട്ടെന്ന് ചോദിച്ചാല്‍ പെട്ടുപോകും. കാരണം, പല ജുവലറികളിലും വ്യത്യസ്ത വിലകളാണ്. സ്വര്‍ണ വ്യാപാരികളുടെ സംഘടനയിലെ പിളര്‍പ്പും പ്രശ്‌നങ്ങളുമാണ് സ്വര്‍ണവില നിശ്ചയിക്കുന്നതിലും പ്രതിഫലിക്കുന്നത്. കേരളത്തിലെ സ്വര്‍ണവില തീരുമാനിച്ചിരുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംഘടനയിലെ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം.

ഇന്നും രണ്ടുവില

എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ നയിക്കുന്ന വിഭാഗം പ്രഖ്യാപിച്ചിരിക്കുന്ന ഇന്നത്തെ വില പവന് 63,560 രൂപയാണ്. ഗ്രാമിന് 7945 രൂപയും. ഭീമ ഗ്രൂപ്പ് ഉള്‍പ്പെടുന്ന മറുപക്ഷത്തിന്റെ വില പവന് 63,520 രൂപയാണ്. പവനില്‍ 40 രൂപയുടെ വ്യത്യാസം ഇരുവിഭാഗങ്ങളുടെയും തമ്മിലുണ്ട്.

കേരളത്തിലെ സ്വര്‍ണവ്യാപാരികളിലെ പ്രബലര്‍ രണ്ടു വിഭാഗങ്ങളിലും അണിനിരക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരേ പ്രദേശത്ത് അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന ജുവലറികളില്‍ പോലും വ്യത്യസ്ത നിരക്ക് ഈടാക്കുന്ന അവസ്ഥയുണ്ട്.

നിലവില്‍ സ്വര്‍ണവില നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് വലിയ റോളില്ല. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വര്‍ഷങ്ങളായി ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.

രാവിലെ ഏതാണ്ട് 9.30ഓടെ ഓരോ ദിവസത്തെയും വില പ്രഖ്യാപിക്കും. എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയായിരുന്നു കേരളത്തിലെ വില നിശ്ചയിച്ചിരുന്നത്. ഈ കമ്മിറ്റിയിലുള്ളവര്‍ രണ്ടു തട്ടിലായതോടെയാണ് പ്രതിസന്ധിയും രൂക്ഷമായത്.

ഇന്ന് സ്വര്‍ണം വാങ്ങാന്‍ എത്ര കൊടുക്കണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ രണ്ട് വിലയാണെങ്കിലും ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താല്‍ 68,750 രൂപ ഏറ്റവും കുറഞ്ഞത് നല്‍കേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com