

ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കയറ്റത്തിന്റെ സൂചനകള്‍. പശ്ചിമേഷ്യയിലും ഉക്രെയ്‌നിലും സംഘര്‍ഷം വര്‍ധിച്ചതും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് താഴ്ത്തിയതുമാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചത്.
ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8,755 രൂപയിലെത്തി. ഇതോടെ പവന്‍ വില വീണ്ടും 70,000 കടന്നു. ഇന്നത്തെ നിരക്ക് 70,040 രൂപയാണ്. മെയ് 15ന് പവന് 68,880 രൂപയെന്ന മാസത്തിലെ താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ഇപ്പോഴത്തെ ഉയിര്‍പ്പ്. നാല് ദിവസം കൊണ്ട് പവനില്‍ 1,160 രൂപയാണ് വര്‍ധിച്ചത്.
യു.എസിന്റെ കടം പിടിവിട്ട രീതിയില്‍ വര്‍ധിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസമാണ് മൂഡീസ് റേറ്റിംഗ് വെട്ടിക്കുറച്ചത്. ആഗോള തലത്തില്‍ ഡോളറിന്റെ അപ്രമാദിത്വം അവസാനിക്കുന്നത് ഇത് കാരണമാകുമെന്ന നിഗമനങ്ങളും വരുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ വീണ്ടും അയുധമെടുത്തതും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിനൊപ്പം റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണത്തിന്റെ വലി കൂടുന്നതില്‍ നിര്‍ണായകമാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 70,040 രൂപയാണ് വിലയെങ്കിലും സമാന തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലും കൂടുതല്‍ നല്‍കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 75,801 രൂപയെങ്കിലുമാകും. ഡിസൈന്‍, മോഡല്‍ എന്നിവ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റം വരാം.
Read DhanamOnline in English
Subscribe to Dhanam Magazine