സ്വര്‍ണത്തിനൊരു സ്ഥിരതയില്ല! ചാഞ്ചാട്ടത്തിനൊടുവില്‍ സ്വര്‍ണവിലയില്‍ താഴ്ച; എന്താണ് സംഭവിച്ചത്?

യുഎസ് ഫെഡ് പലിശനിരക്കില്‍ പ്രഖ്യാപനം വരും വരെ കയറ്റിറക്കങ്ങള്‍ തുടരുമെന്നാണ് വിപണി നല്കുന്ന സൂചന
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയായി. പവന്‍ വില ഇന്നലത്തേക്കാള്‍ 120 രൂപ താഴ്ന്നിട്ടുണ്ട്. അന്താരാഷ്ട്ര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ന് പവന്‍ വില 91,440 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,400 രൂപയായി. വെള്ളിവില 163 രൂപയില്‍ തന്നെ നില്ക്കുന്നു.

സ്വര്‍ണത്തിന്റെ കുതിച്ചുകയറ്റത്തിനാണ് കഴിഞ്ഞ മാസം സാക്ഷ്യംവഹിച്ചതെങ്കില്‍ ഈ മാസം അസ്ഥിരമായ രീതിയിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍. ഡിസംബറില്‍ യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമോ എന്നതിലെ സംശയമാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്.

നവംബര്‍ ഒന്നിന് പവന് 90,200 രൂപയായിരുന്നു. നവംബര്‍ അഞ്ചിന് 89,080 രൂപ വരെ താഴ്ന്ന ശേഷം 13ന് 94,320 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ദൃശ്യമാണ്.

യുഎസ് ഫെഡ് പലിശനിരക്കില്‍ പ്രഖ്യാപനം വരും വരെ കയറ്റിറക്കങ്ങള്‍ തുടരുമെന്നാണ് വിപണി നല്കുന്ന സൂചന. റഷ്യ-യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ യുഎസ് പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതും വരുംദിവസങ്ങളില്‍ സ്വര്‍ണത്തെ സ്വാധീനിക്കും. ഭൗമസംഘര്‍ഷങ്ങള്‍ സ്വര്‍ണവിലയെ മുന്നോട്ടു നയിക്കുകയാണ് പതിവ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,440 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,162 രൂപയാകും.

ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. കേരളത്തില്‍ സ്വര്‍ണവ്യാപാരികള്‍ക്ക് രണ്ട് സംഘടനയുണ്ട്. ഇതും വിലയിലെ അന്തരത്തിന് കാരണമാകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com