പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍

അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി. പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 5,570 രൂപയായി. വെള്ളി വിലയിലും ഉണര്‍വ് പ്രകടമാണ്. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്.

കാരണം അന്താരാഷ്ട്ര വില

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഇടിഞ്ഞു നില്‍ക്കുകയായിരുന്നു. ഒരുവേള ഔണ്‍സിന് 2,500 ഡോളറിന് താഴെ പോയിരുന്നു. എന്നാലിപ്പോള്‍ പൂര്‍വാധികം കരുത്തോടെയാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഇന്ന് രാവിലെ 2,515 ഡോളറും കടന്നാണ് മുന്നേറ്റം.
അമേരിക്കന്‍ ഫെഡ് പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിഗമനങ്ങള്‍ തന്നെയാണ് വിലയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും ഈ ട്രെന്റ് തുടരാനാണ് സാധ്യത. സെപ്റ്റംബര്‍ 18നാണ് ഫെഡിന്റെ നിര്‍ണായക യോഗവും പ്രഖ്യാപനവും വരിക.
കേരളത്തിലെ സീസണ്‍ സജീവമായിരിക്കെ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാര്‍ട്ടികളെ ബാധിക്കും. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാല്‍ വില്പന നല്ലനിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് വിലയിലെ കയറ്റം ബാധിക്കാറില്ല.

ഇന്നൊരു പവന്‍ സ്വര്‍ണത്തിന് വില എത്ര?

മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,195 രൂപ നല്‍കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. 5 ശതമാനം മുതല്‍ 20 ശതമാനം വരെ പണിക്കൂലി ഓരോ ജുവലറികളും ഈാടാക്കുന്നുണ്ട്.

Related Articles

Next Story

Videos

Share it