

സ്വര്‍ണവില രണ്ടു ദിവസത്തിനകം റെക്കോഡിലേക്ക് എത്തുമോ? യു.എസില്‍ ഫെഡ് പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. ഇത് സ്വര്‍ണവിലയില്‍ സ്വാധീനമുണ്ടാക്കും. ട്രഷറി നിക്ഷേപങ്ങള്‍ അനാകര്‍ഷണമായി മാറുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയെത്തും. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുന്നതോടെ വിലയും കുതിച്ചുകയറും.
എന്തായാലും സ്വര്‍ണവിലയില്‍ രണ്ടു ദിവസത്തിനുള്ളില്‍ വലിയ മാറ്റത്തിനുള്ള സാധ്യതയാണുള്ളത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയ തിങ്കളാഴ്ച്ചയ്ക്ക് (സെപ്റ്റംബര്‍ 16) ശേഷം വില ഇന്ന് കുറച്ചു കുറഞ്ഞിട്ടുണ്ട്. ഇന്നലെ വില പവന് 55,040 രൂപയായിരുന്നു. ഇത് 54,920 രൂപയിലേക്കാണ് താഴ്ന്നത്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,865 രൂപയാണ് ഇന്നത്തെ വില. ഗ്രാമില്‍ കുറഞ്ഞത് 15 രൂപ.
സ്വര്‍ണത്തിന്റെ വിലവര്‍ധന ആഗോള പ്രതിഭാസമാണ്. രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 2,577 ഡോളറാണ് ഇന്നത്തെ വില. ഇന്നലത്തേക്കാള്‍ നേരിയ കുറവുണ്ടെങ്കിലും യു.എസ് ഫെഡ് തീരുമാനം വരുന്നതോടെ വില കുതിക്കും. ഇന്നും നാളെയുമാണ് യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ സമിതി യോഗം ചേരുന്നത്. തീരുമാനം 18ന് പ്രഖ്യാപിക്കും.
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കും എന്നതിനാല്‍ സ്വര്‍ണത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കാം. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവര്‍ക്ക് നേട്ടമാകും ഫെഡ് തീരുമാനം. എന്നാല്‍, കേരളം പോലെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട് സ്വര്‍ണാഭരണം ഉപയോഗിക്കുന്നവര്‍ക്ക് വില കൂടുന്നത് തിരിച്ചടിയാകും.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 59,449 രൂപയെങ്കിലും നല്‍കണം. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും അടിസ്ഥാന സ്വര്‍ണവിലയ്‌ക്കൊപ്പം ചേര്‍ക്കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് ആഭരണത്തിന്റെ വിലയിലും മാറ്റമുണ്ടാക്കും. മുന്‍കൂര്‍ സ്വര്‍ണാഭരണം ബുക്ക് ചെയ്യുന്നത് വിലയില്‍ ഉണ്ടാകുന്ന കയറ്റങ്ങള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine