
ഓരോ ദിവസവും റെക്കോഡ് ഇടുകയാണ് സ്വര്‍ണവില. കണ്ണടച്ചു തുറക്കുംമുമ്പാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആഗോള വിപണികളിലെ അനിശ്ചിതത്വങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധവുമെല്ലാം പ്രതിഫലിക്കുന്നത് സ്വര്‍ണത്തിലാണ്. വ്യക്തികളും നിക്ഷേപ സ്ഥാപനങ്ങളും മാത്രമല്ല രാജ്യങ്ങള്‍ പോലും സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു.
സ്വര്‍ണത്തിന്റെ ഈ കുതിപ്പിനെ പലരും 1980കളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. അന്ന് ഇറാനിയന്‍ വിപ്ലവവും എണ്ണ പ്രതിസന്ധിയുമായിരുന്നു സ്വര്‍ണത്തെ മുന്നോട്ടു നയിച്ചത്. സാമ്പത്തിക അസ്ഥിരതയും രാഷ്ട്രീയ കാരണങ്ങളും സ്വര്‍ണത്തിന്റെ കുതിപ്പിന് അന്ന് വഴിമരുന്നിട്ടു. 2025ലെത്തി നില്‍ക്കുമ്പോഴും സ്വര്‍ണവിലയ്ക്ക് കാരണം ഭൗമരാഷ്ട്രീയ സാമ്പത്തിക കാരണങ്ങളും തന്നെയാണ്.
ഇറാനിലെ വിപ്ലവവും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളുമാണ് 1980ല്‍ സ്വര്‍ണത്തെ ഉയരങ്ങളിലേക്ക് നയിച്ചത്. സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. അന്ന് യൂറോപ്പും യു.എസും ഒരേ വഴിയില്‍ സഞ്ചരിക്കുന്നവരായിരുന്നു. എന്നാല്‍, ഇന്ന് ട്രംപും അമേരിക്കയും യൂറോപ്പിനെ കാര്യമായി ഗൗനിക്കുന്നില്ല. യൂറോപ്പിന്റെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് ട്രംപ് പറയുന്നു.
80കളില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ യു.എസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മയുണ്ടായിരുന്നു. ഇപ്പോഴത്തെ ലോകക്രമം ഐക്യത്തിന്റേതല്ലെന്ന് ബ്രോക്കറേജ് സ്ഥാപനമായ എ.എം.ടി ഫ്യൂച്ചേഴ്‌സിലെ വിദഗ്ധനായ ജോര്‍ജ് ഗ്രിഫിത്ത് പറയുന്നു. മുന്‍കാലങ്ങളിലേതുപോലെ ആഗോള ഐക്യം പല കാര്യങ്ങളിലും ഉണ്ടാകുന്നില്ല. പ്രതിസന്ധികള്‍ നേരിടുന്നതിന് വ്യത്യസ്ത സമീപനമാണ് ഓരോ രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്നത്.
1980കളിലെ സ്വര്‍ണത്തിന്റെ കുതിപ്പും ഇപ്പോഴത്തെ ട്രെന്റും തമ്മില്‍ സാമ്യതയുണ്ടെന്നത് നേരാണ്. എന്നാല്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ വലിയ മാറ്റമുണ്ട്. അന്ന് പെട്ടെന്ന് കുതിച്ചു കയറിയ സ്വര്‍ണവില അതേപോലെ താഴ്ന്നു. എന്നാല്‍ ഇത്തവണ വില താഴേക്ക് വരാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കയും യൂറോപ്പും തമ്മിലുള്ള തര്‍ക്കം, ഉക്രൈന്‍-റഷ്യ യുദ്ധം, ഗാസയിലുള്ള യുദ്ധം, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി തുടങ്ങിയവ മൂലം വിപണിയില്‍ അനിശ്ചിതത്വം കൂടുതലായി. ആ സാഹചര്യത്തില്‍ പല രാഷ്ട്രങ്ങളും സ്വര്‍ണ്ണത്തിലേക്ക് കയറിയിരിക്കുന്നു, പ്രത്യേകിച്ച് പാശ്ചാത്യ ഡോളര്‍ നിക്ഷേപങ്ങളില്‍ നിന്നു മാറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍. ഇത് സ്വര്‍ണത്തെ ഉയരത്തില്‍ നിര്‍ത്തുന്നു.
സാധാരണയായി അമേരിക്കന്‍ ഡോളറിന് സുരക്ഷിത നിക്ഷേപമെന്ന പ്രതിച്ഛായയുണ്ട്. പക്ഷേ, ഇപ്പോഴത്തെ അനിശ്ചിതത്വത്തില്‍ അതും തളര്‍ന്നുവെന്നാണ് ചിലര്‍ കാണുന്നത്. ട്രംപ് ഭരണകൂടം യൂറോപ്പിന്റെ സുരക്ഷാ ഉറപ്പ് സംശയത്തിലാക്കിയതും, ഉക്രൈനിലെ സമീപനം പൂര്‍ണമായി മാറ്റിയതും, ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും, ആഗോള സമവായം തകരുന്നതിന്റെ ഉദാഹരണങ്ങളാണ്. ഇത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine