

റെക്കോഡ് പിന്നിട്ട് സ്വര്‍ണവില കുതിച്ചതോടെ ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യ രീതികളിലും ട്രെന്റ് മാറ്റം. പഴയ സ്വര്‍ണം മാറി പുതിയതെടുക്കുന്ന രീതി മാറി. പകരം സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നതിലേക്ക് കുടുംബങ്ങള്‍ മാറി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏകദേശം 50 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാര്‍ വിറ്റത്. മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 43 ശതമാനം വര്‍ധന.
പഴയ സ്വര്‍ണം കൂടുതലായി വിപണിയിലേക്ക് ഇറങ്ങിയതോടെ ഇറക്കുമതിക്കായി കോടികള്‍ മുടക്കേണ്ട അവസ്ഥയ്ക്കും മാറ്റംവന്നു. സ്വര്‍ണം വാങ്ങലില്‍ മിതത്വം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണ ഇറക്കുമതി വലിയതോതില്‍ കുറയാന്‍ ഇതും കാരണമായി.
ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ (IBJA) കണക്കനുസരിച്ച് കഴിഞ്ഞ മൂന്നുമാസത്തിനിടെ കൂടുതല്‍ സ്വര്‍ണം വിറ്റഴിച്ചത് കുടുംബങ്ങളില്‍ നിന്നാണ്. മുമ്പ് പഴയ സ്വര്‍ണം വിറ്റിട്ട് പുതിയത് വാങ്ങുന്നതായിരുന്നു കുടുംബങ്ങളുടെ രീതി. എന്നാല്‍ വില കൂടി നില്‍ക്കുന്നതിനാല്‍ പഴയ സ്വര്‍ണം വിറ്റ് മറ്റുള്ളവയില്‍ നിക്ഷേപിക്കാനാണ് പലരും തയാറാകുന്നത്. ഇത് പുതിയ പ്രവണതയാണെന്ന് അസോസിയേഷന്‍ പറയുന്നു.
സ്വര്‍ണവില റെക്കോഡ് ഉയരത്തിലെത്തിയ ശേഷം താഴേക്ക് പോകുന്നത് വിറ്റഴിക്കല്‍ ട്രെന്റിന് വേഗത കൂട്ടിയിട്ടുണ്ട്. പല കുടുംബങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതോ പലപ്പോഴായി കൂട്ടിച്ചേര്‍ത്തതോ ആയ സ്വര്‍ണമാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്.
സ്വര്‍ണം വിറ്റ് പണമാക്കി മാറ്റാനുള്ള ട്രെന്റ് വര്‍ധിക്കാന്‍ കാരണം വില ഇനിയും കുറയുമോയെന്ന ഭയമാണ്. സ്വര്‍ണത്തിന് നിസര വിലയുണ്ടായിരുന്ന സമയത്ത് വാങ്ങിയ സ്വര്‍ണമാണ് പലരും ഇപ്പോള്‍ വില്ക്കുന്നത്. തലമുറകളായി കൈമാറി കിട്ടിയ സ്വര്‍ണവും ഇതില്‍പ്പെടും. കിട്ടിയ അവസരത്തില്‍ ലാഭത്തില്‍ വിറ്റ് പണമാക്കുന്ന പ്രവണത വര്‍ധിച്ചെന്ന് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മെഹ്ത വ്യക്തമാക്കി.
പഴയ സ്വര്‍ണം കൂടുതലായി വിപണിയിലേക്ക് വരുന്നത് ഇറക്കുമതി ബാധ്യത കുറച്ചിട്ടുണ്ട്. 2026 സാമ്പത്തികവര്‍ഷം 72.4 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2025ല്‍ 125-150 ടണ്‍ പഴയ സ്വര്‍ണമാണ് വിപണിയിലെത്തിയത്. ഇപ്പോഴത്തെ ട്രെന്റ് തുടര്‍ന്നാല്‍ 2026ല്‍ ഇത് 200-250 ടണ്ണായി ഉയരുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ കുടുംബങ്ങളില്‍ ഏകദേശം 30,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine