സ്വര്‍ണവും വെള്ളിയും ഇടിയുന്നു! ഇപ്പോള്‍ വാങ്ങുന്നത് അവസരമോ, അപകടമോ?

സ്വര്‍ണം നമ്മുടെ സാമ്പത്തിക സംരക്ഷണത്തിനൊരു മുതല്‍ക്കൂട്ടാകാം. വെള്ളി കൂടുതല്‍ ചാഞ്ചാട്ടമുള്ള അവസരവുമാകാം
സ്വര്‍ണവും വെള്ളിയും ഇടിയുന്നു! ഇപ്പോള്‍ വാങ്ങുന്നത് അവസരമോ, അപകടമോ?
Published on: 

യുദ്ധം തുടരുകയാണ്. പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. എന്നിട്ടും സ്വര്‍ണവില താഴേക്ക്! വെള്ളിയോ? വീഴ്ച അതിനേക്കാള്‍ വേഗത്തില്‍. അപ്പോള്‍, ഈ ഇടിവ് വാങ്ങാനുള്ള അവസരമാണോ? ഇനിയും വില കുറയുമോ? ഒരു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും പണം മുടക്കുന്നത് ലാഭകരമാണോ?

ഇന്ന് സ്വര്‍ണാഭരണത്തിന്റെ വില കേരളത്തില്‍ ഗ്രാമിന് 13,195 രൂപയും പവന് 1,05,560ഉം ആണ്. സെപ്റ്റംബറുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യന്‍ ബുള്ളിയന്‍ വിപണിയില്‍ സ്വര്‍ണം ഏകദേശം 4.2 ശതമാനം താഴ്ന്നു. വെള്ളി ഇടിഞ്ഞത് 11.8 ശതമാനം! അതായത്, സ്വര്‍ണത്തേക്കാള്‍ ഏതാണ്ട് മൂന്നിരട്ടി ഇടിവ്.

എന്തുകൊണ്ടാണ് വില വീഴുന്നത്? അതിന് പ്രധാന കാരണം അമേരിക്കന്‍ പലിശയും ഡോളറുമാണ്. സ്വര്‍ണവും വെള്ളിയും കൈവശം വെച്ചാല്‍ പലിശ ലഭിക്കില്ല. അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളില്‍ കൂടുതല്‍ വരുമാനം കിട്ടുമ്പോള്‍, നിക്ഷേപകരുടെ പണം അങ്ങോട്ടു നീങ്ങാം. ഡോളര്‍ ശക്തമാകുന്നതും ലോഹവിലകളെ സമ്മര്‍ദത്തിലാക്കും.

യുദ്ധഭീതിയും സ്വര്‍ണവും

ഒക്ടോബര്‍ 28ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ 3.75 മുതല്‍ 4 ശതമാനം വരെയുള്ള പരിധിയില്‍ നിലനിര്‍ത്തി. പക്ഷേ പണപ്പെരുപ്പം ഉയര്‍ന്നു തന്നെയാണെന്ന് മുന്നറിയിപ്പുമുണ്ട്. അതിനാല്‍ പലിശ വേഗത്തില്‍ കുറയുമെന്ന പ്രതീക്ഷയ്ക്ക് ഇപ്പോഴും ഉറപ്പില്ല.

യുദ്ധഭീതി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യകത കൂട്ടാം. എന്നാല്‍ യുദ്ധം എണ്ണവില ഉയര്‍ത്തിയാല്‍ പണപ്പെരുപ്പം കൂടും. പലിശ ഉയര്‍ന്നുനില്‍ക്കാനുള്ള സാധ്യതയും കൂടും. അത് സ്വര്‍ണത്തെ താഴേക്ക് വലിക്കാം. അതുകൊണ്ട്, യുദ്ധമുണ്ടെങ്കില്‍ സ്വര്‍ണം ഉറപ്പായും ഉയരുമെന്ന കണക്കുകൂട്ടല്‍ തെറ്റാം.

ഇന്ത്യക്കാരന് മുന്നില്‍ മറ്റൊരു ഘടകംകൂടിയുണ്ട്: അത് രൂപയാണ്. ഡോളറില്‍ സ്വര്‍ണവില കുറഞ്ഞാലും രൂപ ദുര്‍ബലമായാല്‍ ഇന്ത്യയില്‍ അത്രയും വിലക്കുറവ് ലഭിക്കണമെന്നില്ല. സെപ്റ്റംബറില്‍ അന്താരാഷ്ട്ര സ്വര്‍ണവില 8.5 ശതമാനം കുറഞ്ഞപ്പോള്‍ ആഭ്യന്തരവില കുറഞ്ഞത് 4.8 ശതമാനം മാത്രമാണ്. രൂപയുടെ ദൗര്‍ബല്യമാണ് ഇടിവിന്റെ ഒരു ഭാഗം തടഞ്ഞത്.

ഉത്സവകാല സീസണ്‍

വില കുറഞ്ഞതിനൊപ്പം ഉത്സവ-വിവാഹ സീസണ്‍ വന്നതും വാങ്ങല്‍ താല്‍പര്യം മെച്ചപ്പെടുത്തുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാവരും തിരക്കിട്ട് വാങ്ങുന്നില്ല. വലിയ ജ്വല്ലറി ശൃംഖലകളില്‍ ചിലത് ഇനിയും വില കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങല്‍ നീട്ടുന്നതായും മനസിലാക്കാന്‍ കഴിയുന്നുണ്ട്.

ഉപഭോക്താക്കള്‍ക്കിടയില്‍ ഭാരംകുറഞ്ഞ ആഭരണങ്ങളും പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നതും പ്രധാന പ്രവണതകളാണ്. അതില്‍ നിന്ന് മനസിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ജ്വല്ലറിയുടെ വിറ്റുവരവ് ഉയര്‍ന്നാല്‍ വിറ്റ സ്വര്‍ണത്തിന്റെ തൂക്കവും ഉയര്‍ന്നുവെന്ന് അര്‍ഥമില്ല. ഉയര്‍ന്ന വില കൊണ്ടും വരുമാനം കൂടാം.

കേന്ദ്ര ബാങ്കുകള്‍ എന്തിനാണ് സ്വര്‍ണം വാങ്ങുന്നത്?

കേന്ദ്ര ബാങ്കുകളുടെ ലക്ഷ്യം അടുത്ത മാസത്തെ ലാഭമല്ല. കരുതല്‍ ശേഖരത്തിലെ റിസ്‌ക് കുറയ്ക്കലാണ്. ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സി ആസ്തികള്‍ക്കൊപ്പം സ്വര്‍ണവും സൂക്ഷിക്കുന്നത് പ്രതിസന്ധികളില്‍ സംരക്ഷണം നല്‍കാമെന്നാണ് അവരുടെ വിലയിരുത്തല്‍.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2026 സര്‍വേയില്‍ പങ്കെടുത്ത കേന്ദ്ര ബാങ്കുകളില്‍ 45 ശതമാനം, അടുത്ത പന്ത്രണ്ട് മാസത്തില്‍ സ്വന്തം സ്വര്‍ണശേഖരം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അവരുടെ വാങ്ങല്‍ നാളത്തെ വില വര്‍ധനവിന്റെ ഗ്യാരന്റിയല്ല.

ചൈനീസ് കുടുംബങ്ങളുടെ സ്വര്‍ണനിക്ഷേപ താല്‍പര്യം വര്‍ധിച്ചത് കൂട്ടത്തില്‍ എടുത്തു പറയേണ്ട കാര്യമാണ്. അതിനു കാരണമുണ്ട്. ദുര്‍ബലമായ പ്രോപ്പര്‍ട്ടി വിപണി, കുറഞ്ഞ പലിശ, ഓഹരി വിപണിയിലെ അനിശ്ചിതത്വം... ഇത്തരം പ്രശ്നങ്ങള്‍ക്കിടയില്‍ പണം മറ്റെവിടെ സൂക്ഷിക്കുമെന്ന ചോദ്യത്തിന് സ്വര്‍ണം ഒരു ഉത്തരമാകുന്നു. സെപ്റ്റംബറില്‍ ചൈനയിലെ ഗോള്‍ഡ് ഇ.ടി.എഫുകളുടെ കൈവശമുള്ള സ്വര്‍ണം 304 ടണ്ണെന്ന മാസാവസാന റെക്കോര്‍ഡിലാണ് എത്തിയത്. എന്നാല്‍ നിക്ഷേപതാല്‍പര്യം കൂടുന്നതും ആഭരണ വില്‍പ്പന കൂടുന്നതും ഒരേ കാര്യമല്ല. ചൈനയിലും ആഭരണ ഡിമാന്‍ഡ് സമ്മര്‍ദത്തിലാണ്.

പാവങ്ങളുടെ മമ്മൂട്ടി എന്നു പറയുന്നതു പോലെയാണ് വെള്ളിയുടെ കാര്യം. ശരിക്കു പറഞ്ഞാല്‍ വെള്ളി, വില കുറഞ്ഞ സ്വര്‍ണമാണ്. വ്യവസായങ്ങളില്‍ വലിയ ഉപയോഗമുള്ള ലോഹമാണ്. 2025ലെ മൊത്തം വെള്ളി ആവശ്യകതയുടെ ഏകദേശം 58 ശതമാനവും വ്യവസായങ്ങളില്‍ നിന്നായിരുന്നു.

സോളാര്‍, ഇലക്ട്രോണിക്സ്, വാഹനങ്ങള്‍ എന്നിവ അവസരങ്ങളാണ്. എന്നാല്‍ സോളാര്‍ നിര്‍മാതാക്കള്‍ ചെലവു കുറയ്ക്കാന്‍ വെള്ളിയുടെ ഉപയോഗം കുറയ്ക്കുന്നതും പകരം വസ്തുക്കള്‍ തേടുന്നതും വെല്ലുവിളിയാണ്.

2026ലും ആവശ്യകത വിതരണത്തെ മറികടക്കുമെന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏപ്രിലിലെ വിലയിരുത്തല്‍. എന്നിട്ടും വില താഴാം. വിതരണക്കുറവ് മാത്രം വിലക്കയറ്റത്തിന് ഉറപ്പല്ല.

ഡോളറും ബോണ്ട് വരുമാനവും ഉയര്‍ന്നുനിന്നാല്‍ സമ്മര്‍ദം തുടരാം. പലിശ പ്രതീക്ഷ താഴുകയും നിക്ഷേപ ഫണ്ടുകളിലേക്ക് പണം വരികയും ചെയ്താല്‍ തിരിച്ചുകയറ്റത്തിന് വഴിയൊരുങ്ങാം. വ്യവസായ ആവശ്യകത മെച്ചപ്പെട്ടാല്‍ വെള്ളിക്കും സഹായമാകും. അതിനാല്‍ ഇപ്പോഴത്തെ ഇടിവ് അവസാനിച്ചെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ല.

നിക്ഷേപകന്‍ എന്തുചെയ്യണം?

ദീര്‍ഘകാലത്തേക്ക് സ്വര്‍ണം വേണ്ടതാണെങ്കില്‍, സ്വന്തം നിക്ഷേപങ്ങളില്‍ അതിന്റെ പങ്ക് പരിശോധിച്ച് ഘട്ടംഘട്ടമായി വാങ്ങുന്നത് പരിഗണിക്കാം. ഇതിനകം സ്വര്‍ണം കൂടുതലുള്ളവര്‍ വില കുറഞ്ഞെന്ന ഒറ്റക്കാരണത്താല്‍ വീണ്ടും വാങ്ങേണ്ടതില്ല. വെള്ളിയുടെ വലിയ ചാഞ്ചാട്ടം സഹിക്കാന്‍ കഴിയുമോ എന്നും ചോദിക്കണം.

ഏതു രൂപത്തില്‍ വാങ്ങണം?

അണിയാനാണെങ്കില്‍ ആഭരണം. നിക്ഷേപത്തിനായി വാങ്ങുമ്പോള്‍ പണിക്കൂലി, നികുതി, വില്‍ക്കുമ്പോഴുള്ള കുറവ് എന്നിവ കണക്കാക്കണം. ഫിസിക്കല്‍ രൂപത്തില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഗോള്‍ഡ് കോയിനും സൂക്ഷിക്കുന്നതിന്റെ സുരക്ഷിതത്വവും, വാങ്ങിയിട്ട് പിന്നീടു വില്‍ക്കുമ്പോഴുള്ള വില വ്യത്യാസവും പരിഗണിക്കണം.

നിക്ഷേപം മാത്രമാണ് ലക്ഷ്യമെങ്കില്‍ ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ ഇ.ടി.എഫുകള്‍ പരിശോധിക്കാം. ചെലവ്, ലോഹവില വ്യത്യാസങ്ങള്‍, വ്യാപാര ലഭ്യത എന്നിവ നോക്കണം. ഇ.ടി.എഫ് അതിന്റെ ആസ്തി മൂല്യത്തേക്കാള്‍ വലിയ പ്രീമിയത്തിലാണോ എന്നും ശ്രദ്ധിക്കുക.

ഡീമാറ്റ് ഇല്ലാത്തവര്‍ക്ക് ബന്ധപ്പെട്ട ഫണ്ട് ഓഫ് ഫണ്ടുകള്‍ പരിഗണിക്കാം; അവയുടെ അധിക ചെലവും പരിശോധിക്കണം. ആപ്പിലെ ഡിജിറ്റല്‍ ഗോള്‍ഡും ഇ.ടി.എഫും ഒന്നല്ല. ഡിജിറ്റല്‍ ഗോള്‍ഡ് സെബിയുടെ നിയന്ത്രണപരിധിക്ക് പുറത്താണെന്ന മുന്നറിയിപ്പുണ്ട്.

സ്വര്‍ണത്തിനും വെള്ളിക്കും വില കുറഞ്ഞു. അതു നേര്. അതില്‍ പണം മുടക്കാന്‍ ഒരുങ്ങുന്നവര്‍ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കണം: എന്തിനാണ് വാങ്ങുന്നത്, എത്രകാലം കൈവശം വെക്കും, എത്ര നഷ്ടം സഹിക്കാം?

സ്വര്‍ണം നമ്മുടെ സാമ്പത്തിക സംരക്ഷണത്തിനൊരു മുതല്‍ക്കൂട്ടാകാം. വെള്ളി കൂടുതല്‍ ചാഞ്ചാട്ടമുള്ള അവസരവുമാകാം. രണ്ടിലും തീരുമാനം എടുക്കേണ്ടത് വില ഇറക്കത്തിന്റെ ആവേശത്തിലല്ല. സ്വന്തം സാമ്പത്തിക പദ്ധതിക്ക് അനുസരിച്ചാണ്. ഉടനടി ലാഭം വാരാനുള്ള സാധ്യത അളന്നിട്ടു കാര്യമില്ല. ദീര്‍ഘകാലത്തേക്കാണെങ്കില്‍ സ്വര്‍ണം ഒരിക്കലും നഷ്ടം വരുത്തില്ലെന്നാണ് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം. വെള്ളിയുടെ കാര്യത്തിലാണെങ്കില്‍, വലിയ ചാഞ്ചാട്ടങ്ങളുടെ ഭാരം ഏറ്റെടുക്കാന്‍ കഴിയണം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```