

2022-23 ല്‍ 11 മാസങ്ങളില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് ഇരട്ടിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയെ അറിയിച്ചു. മൊത്തം പിടികൂടിയത് 2532 കിലോ (2.5 ടണ്‍). 2020-21 ല്‍ 1001 കിലോഗ്രാം, 2021-22 ല്‍ 1240 കിലോഗ്രാം എന്നിങ്ങനെയായിരുന്നു. ലോക്ക് ഡൗണ്‍ കാലയളവിലാണ് സ്വര്‍ണ കള്ളക്കടത്തില്‍ വന്‍ ഇടിവ് ഉണ്ടായത്.
മുന്നില്‍ മുംബൈ
2022-23 ല്‍ ഏറ്റവും അധികം സ്വര്‍ണ കള്ളക്കടത്ത് പിടിച്ചത് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ്- 604.5 കിലോ. ഡല്‍ഹി 375 കിലോ, ചെന്നൈ 306 കിലോ, കോഴിക്കോട് 291 കിലോ, കൊച്ചി 154 കിലോ എന്നിങ്ങനെയായിരുന്നു കള്ളക്കടത്ത് പിടിക്കപ്പെട്ടത്. മുംബൈ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് 50% വര്‍ധിച്ചു എന്നാല്‍ ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളില്‍ യഥാക്രമം 24%, 22% എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി.
കേരളത്തിലും
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് കുറഞ്ഞു. വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസുകള്‍ നാലിരട്ടി വര്‍ധിച്ചു. മൊത്തം കടത്താന്‍ ശ്രമിച്ചത് 80 കിലോ സ്വര്‍ണം.
രഹസ്യ വിവരത്തില്‍ കുടുങ്ങും
കള്ളക്കടത്തുകാര്‍ ശരീരത്തില്‍ ഒളിപ്പിക്കുന്നത് കൂടാതെ വസ്ത്രങ്ങളിലും മറ്റു വസ്തുക്കളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നുണ്ട്. കസ്റ്റംസിന്റെ ഡയറക്റ്ററേറ്റ് ഓഫ് വന്യു ഇന്റ്റെലിജെന്‍സ് (ഡിആര്‍ഐ) വിഭാഗത്തിന് രഹസ്യ വിവരം ലഭിക്കുന്നതില്‍ നിന്ന് കള്ളക്കടത്ത് പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഡിആര്‍ഐ എല്ലാ മാസവും ശരാശരി 1000 കോടി രൂപയുടെ കള്ളക്കടത്ത് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine