

ആഗോള തലത്തില്‍ വില കുതിച്ചുയരുന്നതിനിടെ സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve bank of India). പ്രവചനാതീതമായി വില ഉയരുമ്പോഴും അതൊന്നും കൂസാതെയാണ് ഇന്ത്യ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത്. 2024ല്‍ മാത്രം 72.5 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (World gold council) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് ഇരട്ടിയായി.
ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയതില്‍ രണ്ടാംസ്ഥാനത്താണ് ആര്‍.ബി.ഐ. പോളണ്ടാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2024ല്‍ 89.54 ടണ്‍ സ്വര്‍ണമാണ് പോളണ്ട് വാങ്ങിയത്. അവരുടെ മൊത്തം സ്വര്‍ണശേഖരം 25 ശതമാനം വര്‍ധിപ്പിക്കാനും ഇതുവഴി സാധിച്ചു.
തുര്‍ക്കി അവരുടെ ശേഖരത്തിലേക്ക് 74.8 ടണ്‍ സ്വര്‍ണമാണ് അധികമായി എത്തിച്ചത്. തുര്‍ക്കിയിലെ പ്രാദേശിക ബാങ്കുകളില്‍ നിന്നുള്ള വിഹിതം കേന്ദ്രബാങ്കിലേക്ക് നീക്കിയതും കൂടി ചേര്‍ത്താണിത്.
കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 11 മാസവും ആര്‍.ബി.ഐ സ്വര്‍ണം വാങ്ങിയിരുന്നു. അടുത്ത കാലത്തുള്ള ഏറ്റവും വലിയ വാങ്ങലുകളിലൊന്നാണിത്. മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത് 2021ലായിരുന്നു. അന്ന് 77.5 ടണ്‍ സ്വര്‍ണമാണ് ആര്‍.ബി.ഐ ശേഖരത്തിലെത്തിച്ചത്.
സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തരായവരും ഉണ്ട്. ഫിലിപ്പൈന്‍സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ ശേഖരത്തില്‍ നിന്ന് വലിയ തോതില്‍ സ്വര്‍ണം വിറ്റഴിച്ചു. സാമ്പത്തിക പ്രതിസന്ധിയും മറ്റ് കാര്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനുമായിരുന്നു ഇത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കനുസരിച്ച് യു.എസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ളത്. 2024ല്‍ ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം ചേര്‍ന്ന് 1,045 ടണ്‍ സ്വര്‍ണം അധികമായി ശേഖരത്തിലെത്തിച്ചു.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുന്നതിന് പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണമെന്നതാണ്. യുദ്ധമോ മഹാമാരിയോ ഉണ്ടായാല്‍ ഡോളര്‍ ഉള്‍പ്പെടെ കറന്‍സികളുടെ മൂല്യത്തില്‍ ശോഷണം സംഭവിച്ചേക്കാം. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രം ഇത് ബാധകമല്ല. വില കുറയാമെങ്കിലും ഒരുപരിധിയില്‍ കൂടുതല്‍ മൂല്യം ഇടിയില്ല. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ സ്വര്‍ണത്തെ ഒരു നിക്ഷേപമായും കണക്കാക്കുന്നു.
മിക്ക രാജ്യങ്ങളും സ്വര്‍ണം കഴിഞ്ഞാല്‍ തങ്ങളുടെ ശേഖരത്തിന്റെ വലിയൊരളവ് ഡോളറിലാണ് ശേഖരിച്ചു വച്ചിരിക്കുന്നത്. യു.എസ് താരിഫ് യുദ്ധത്തിലേക്ക് അമിതമായി കടക്കുന്നത് കൊണ്ട് പല രാജ്യങ്ങളും ഡോളറിനേക്കാള്‍ സ്വര്‍ണത്തിന് പ്രാധാന്യം നല്കുന്നു.
ഒരു രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഇടിയുമ്പോള്‍ കേന്ദ്രബാങ്കുകള്‍ തങ്ങളുടെ കൈയിലുള്ള സ്വര്‍ണം കൂടുതലായി വിറ്റഴിക്കാറുണ്ട്. ഇത്തരത്തില്‍ സ്വര്‍ണം എല്ലാകാലത്തും രാജ്യങ്ങളുടെ വിശ്വസ്ത സമ്പാദ്യം കൂടിയാണ്.
RBI's record gold purchase in 2024 highlights a strategic shift towards safer investments amid global
Read DhanamOnline in English
Subscribe to Dhanam Magazine