

ഇന്ത്യക്കാരുടെ ദാഹശമനിയായിരുന്ന ഗോലി സോഡ ഇനി ഗ്ലോബല്‍ ബ്രാന്‍ഡ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ യു.എസ്, യു.കെ, യൂറോപ്യന്‍ വിപണികളിലും ഗോലി സോഡക്ക് വലിയ ഡിമാന്‍ഡാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള കയറ്റുമതി കരാറിലൂടെ യൂസഫലി ചെയര്‍മാനായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കൃത്യമായി ഗോലി സോഡയുടെ സ്‌റ്റോക്ക് എത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) വ്യക്തമാക്കി. ഒരുകാലത്ത് ഇന്ത്യക്കാരുടെ ഫേവററ്റായിരുന്ന ഗോലി സോഡ പുതിയ രീതിയില്‍ അവതരിപ്പിച്ചതിലൂടെയും ആഗോള വിപുലീകരണത്തിലൂടെയും തിരിച്ചുവരവിന്റെ പാതയിലാണെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ എ.പി.ഇ.ഡി.എ പറഞ്ഞു. ആഗോള വിപണിയില്‍ നിന്നും വലിയ ഡിമാന്‍ഡാണ് ഗോലി സോഡക്കുള്ളതെന്നും ഇവര്‍ പറയുന്നു.
ഒരു കാലത്ത് കേരളത്തില്‍ അടക്കമുള്ള പെട്ടിക്കടകളിലെ സൂപ്പര്‍ താരമായിരുന്നു ഗോലി സോഡ. കുപ്പിയുടെ കഴുത്തില്‍ പിടിച്ച് ഗ്യാസ് തടഞ്ഞു നിറുത്തുന്ന ഗോലിയില്‍ ഞെക്കി ചെറിയ ശബ്ദത്തോടെ തുറക്കുന്നതായിരുന്നു പ്രധാന ഹൈലൈറ്റ്. പ്രാദേശികമായി നിര്‍മിക്കുന്നതിനാല്‍ വിലയും കുറവായിരുന്നു. കച്ചിസോഡ, വട്ടുസോഡ തുടങ്ങിയ പ്രാദേശിക പേരുകളിലും ഗോലി സോഡ അറിയപ്പെട്ടിരുന്നു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന കുപ്പികളിലായിരുന്നു ഗോലി സോഡ നിര്‍മിച്ചു തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തൊണ്ണൂറുകളില്‍ കൊക്കക്കോളയും പെപ്‌സിയും അടക്കമുള്ള വമ്പന്‍ ഭീമന്മാരുടെ വരവോടെ ഗോലി സോഡയുടെ ഡിമാന്‍ഡും കുറഞ്ഞു. പതിയെ ആരുടെയും ഓര്‍മയില്‍ പോലുമില്ലാതെ ഗോലി സോഡയുടെ കാറ്റു പോയി.
ആരുടെയും ഓര്‍മകളില്‍ പോലുമില്ലാതിരുന്ന ഗോലി സോഡയുടെ തിരിച്ചുവരവ് 2017 കാലഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിക്കാലത്ത് കണ്ടുമറന്ന നൊസ്റ്റാള്‍ജിക്ക് പാനീയത്തിന് വീണ്ടും കണ്ടവരില്‍ കൗതുകം ഉണര്‍ത്താന്‍ കഴിഞ്ഞതോടെ സംഗതി ഹിറ്റായി. സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു ഐറ്റം കണ്ട ന്യൂജനറേഷനും ഗോലി സോഡയുടെ പിന്നാലെ കൂടി. കൃത്യമായ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഒപ്പം പുതു ഫ്‌ളേവറുകളും കൂടി ചേര്‍ന്നതോടെ ഗോലി സോഡ വീണ്ടും ഷെല്‍ഫുകളില്‍ ഇടം പിടിച്ചു. ന്യൂജനറേഷന് കൂടി ഇഷ്ടപ്പെട്ട ബ്ലൂബെറി, ലെമന്‍, മിന്റ്, മസാല ജീര,ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍, മൊഹിത്തോ തുടങ്ങിയ വെറൈറ്റി ഫ്‌ളേവറുകളില്‍ ഇന്ന് ഗോലി സോഡ ലഭ്യമാണ്.
നാട്ടില്‍ കടം കയറി മുടിഞ്ഞവന്‍ ഗള്‍ഫില്‍ പോയി രക്ഷപ്പെട്ട കഥയാണ് ഗോലി സോഡക്ക് പറയാനുള്ളത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ ഗള്‍ഫ് രാജ്യങ്ങളിലെത്തിയതോടെയാണ് തലവര മാറുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിച്ച ഗോലി സോഡക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയവും അടിവരയിടുന്നു. പതിയെ യൂറോപ്യന്‍, യു.എസ്, യു.കെ വിപണിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇടം പിടിച്ചു. ഇക്കൊല്ലം ഫെബ്രുവരി നാലിനായിരുന്നു ഗോലി പോപ്പ് സോഡയുടെ ഗ്ലോബല്‍ എന്‍ട്രിയുടെ ഔദ്യോഗിക ലോഞ്ച്. മാര്‍ച്ച് 17-19വരെ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഇവന്റില്‍ പങ്കെടുത്തതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ഗോലിക്ക് സോഡക്ക് ലഭിച്ചതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
Read DhanamOnline in English
Subscribe to Dhanam Magazine