

ആന്ധ്രാപ്രദേശില്‍ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 52,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഗൂഗ്ള്‍. മാതൃകമ്പനിയായ ആല്‍ഫബെറ്റ് വഴി ഗൂഗ്ള്‍ ഇന്ത്യയില്‍ ഡാറ്റ സെന്ററുകള്‍ക്ക് വേണ്ടി നടത്തുന്ന ആദ്യ നിക്ഷേപമാണിത്. ഡാറ്റ സെന്ററിന് ആവശ്യമായ വൈദ്യുതിക്കായി വിശാഖപട്ടണത്ത് ഏകദേശം 17,500 കോടി രൂപയുടെ പുനരുപയോഗ വൈദ്യുത നിര്‍മാണ യൂണിറ്റും സ്ഥാപിക്കും.
നിര്‍മാണം പൂര്‍ത്തിയായാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്ററായിരിക്കുമിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഗൂഗ്‌ളും ആന്ധ്രപ്രദേശ് സര്‍ക്കാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടയിലും ഡാറ്റ സെന്ററുകള്‍ക്കായി 75 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആല്‍ഫബെറ്റ് അറിയിച്ചിരുന്നു.
കംപ്യൂട്ടറുകളും സ്‌റ്റോറേജ് ഡിവൈസുകളുമുള്ള വലിയ കെട്ടിടങ്ങളെ ഒറ്റവാക്കില്‍ ഡാറ്റ സെന്ററുകളെന്ന് വിളിക്കാം. കമ്പനികള്‍, വെബ്‌സൈറ്റ്, ആപ്പുകള്‍, ഓണ്‍ലൈന്‍ സര്‍വീസുകള്‍ എന്നിവയില്‍ നിന്നുള്ള ഇന്‍ഫര്‍മേഷന്‍ ശേഖരിക്കുകയും മാനേജ് ചെയ്യുകയുമാണ് ഇവയുടെ ധര്‍മം. പവര്‍ കട്ട്, സൈബര്‍ ആക്രമണം പോലുള്ളവയില്‍ നിന്ന് കംപ്യൂട്ടറുകളെ സംരക്ഷിക്കാനും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനുമുള്ള സങ്കേതങ്ങളും ഇവിടെയുണ്ടാകും. ഡാറ്റ സുരക്ഷിതമാക്കി വെക്കാനും എപ്പോഴും ലഭ്യമാക്കാനുമുള്ള കേന്ദ്രമെന്ന് വേണമെങ്കിലും ഇവയെ വിളിക്കാവുന്നതാണ്.
2014ല്‍ ആന്ധ്രാ വിഭജനത്തോടെ മുന്‍ തലസ്ഥാനമായ ഹൈദരാബാദിനൊപ്പം പ്രധാന വരുമാന സ്രോതസുകളും ആന്ധ്രാപ്രദേശിന് നഷ്ടമായിരുന്നു. ഇതോടെ സംസ്ഥാനത്ത് പുത്തന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും ആന്ധ്രാപ്രദേശ് ഊര്‍ജ്ജിതമാക്കി. നിലവില്‍ 1.6 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നിക്ഷേപങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് ആന്ധ്രാപ്രദേശ് ഐ.ടി മന്ത്രി നാര ലോകേഷ് പറയുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 6 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്ററുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഡാറ്റ സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന കേബിള്‍ ലാന്‍ഡിംഗ് സ്റ്റേഷനുകള്‍ ഉടന്‍ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Google to invest $6 billion in a 1GW hyperscale data centre in Visakhapatnam, aiming for Asia’s largest digital hub.
Read DhanamOnline in English
Subscribe to Dhanam Magazine