സിസിഐയ്ക്ക് എതിരെ ഗൂഗിള്‍; വിധി തടയാന്‍ കമ്പനി സുപ്രീം കോടതിയെ സമീപിച്ചു

ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റാന്‍ കമ്പനിയെ നിര്‍ബന്ധിക്കുന്ന കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ 97% സ്മാര്‍ട്ട്ഫോണുകളുലുമുള്ള ആന്‍ഡ്രോയിഡിന്റെ വിപണിയിലെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്തതിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആല്‍ഫബെറ്റ് കമ്പനിക്ക് 161 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി.

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചുമത്തിയ 1,337 കോടി രൂപ പിഴയുടെ 10 ശതമാനം നല്‍കണമെന്ന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ (NCLAT) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി തടയാനുള്ള അപേക്ഷ ട്രൈബ്യൂണല്‍ നിരസിച്ചതില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ദീര്‍ഘകാല ബിസിനസ് മോഡലിനെയും ഉപഭോക്തൃ താല്‍പ്പര്യങ്ങളെയും ബാധിക്കുമെന്ന് കമ്പനി വാദിച്ചു. ഇതില്‍ വാദം കേള്‍ക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല.

ജനുവരി 19-ന് കമ്പനിയുടെ ബിസിനസ്സ് മോഡല്‍ മാറ്റാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയ സിസിഐയുടെ വിധി തടയുന്നതിനുള്ള ഗൂഗിളിന്റെ അവസാന പ്രതീക്ഷയാണ്. 2022 ഒക്ടോബറില്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ ഒന്നിലധികം വിപണികളില്‍ ദുരുപയോഗം ചെയ്തതിനും കോംപറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 4 ലംഘിച്ചതിനുമാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ നേട്ടം ഗൂഗിള്‍ സ്വന്തമാക്കി. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എഞ്ചിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ലാണ് കോംപറ്റീഷന്‍ കമ്മീഷന് പരാതി ലഭിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it