പോര് മുറുകുന്നു; സിസിഐ വിധി സ്മാര്‍ട്ട്ഫോണുകളുടെ വില കൂട്ടുമെന്ന് ഗൂഗിള്‍

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) വിധി സ്മാര്‍ട്ട്ഫോണുകള്‍ കൂടുതല്‍ ചെലവേറിയതാക്കുമെന്ന് ഗൂഗിള്‍ (GOOGLE). ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ക്ക് സിസിഐയുടെ വിധി ഒരു പ്രഹരമാണെന്നും ഗൂഗിള്‍ അവകാശപ്പെട്ടു. മാത്രമല്ല ഈ വിധി ഇന്റര്‍നെറ്റിനെ ദോഷകരമായി ബാധിക്കുമെന്നും സ്വകാര്യതയുടെ കാര്യത്തില്‍ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ആപ്പ് ഡെവലപ്പര്‍മാരുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ 97% സ്മാര്‍ട്ട്ഫോണുകളുലുമുള്ള ആന്‍ഡ്രോയിഡിന്റെ വിപണിയിലെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്തതിന് സിസിഐ ആല്‍ഫബെറ്റ് കമ്പനിക്ക് 161 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. സിസിഐ ചുമത്തിയ 1337 കോടി രൂപ പിഴയുടെ 10 ശതമാനം നല്‍കണമെന്ന് എന്‍സിഎല്‍എറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി തടയാനുള്ള അപേക്ഷ ട്രൈബ്യൂണല്‍ നിരസിച്ചതില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ദീര്‍ഘകാല ബിസിനസ് മോഡലിനെയും ഉപഭോക്തൃ താല്‍പ്പര്യങ്ങളെയും ബാധിക്കുമെന്ന് ഗൂഗിള്‍ വാദിച്ചു.

വിധിയുടെ പശ്ചാത്തലത്തില്‍ 1100 ല്‍ അധികം ഉപകരണ നിര്‍മ്മാതാക്കളുമായും ആയിരക്കണക്കിന് ആപ്പ് ഡെവലപ്പര്‍മാരുമായും ഗൂഗിളിന് നിലവിലുള്ള കരാറുകള്‍ പരിഷ്‌കരിക്കേണ്ടി വരും. മാത്രമല്ല പുതിയ ലൈസന്‍സ് കരാറുകള്‍ അവതരിപ്പിക്കുകയും നിലവിലുള്ള ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതായും വരും. സിസിഐയുടെ വിധി തടയാന്‍ വിസമ്മതിച്ച നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (NCLAT) ഉത്തരവിനെതിരെ ഗൂഗിള്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി 16ന് സുപ്രീം കോടതി പരിഗണിക്കും. ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റാന്‍ കമ്പനിയെ നിര്‍ബന്ധിക്കുന്ന സിസിഐയുടെ നടപടികള്‍ തടയണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.

2022 ഒക്ടോബറില്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ ഒന്നിലധികം വിപണികളില്‍ ദുരുപയോഗം ചെയ്തതിനും കോംപറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 4 ലംഘിച്ചതിനുമാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ നേട്ടം ഗൂഗിള്‍ സ്വന്തമാക്കി.

ഇവ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിരോധിക്കരുതെന്ന് സിസിഐ ഗൂഗിളിനോട് ഉത്തരവിട്ടിരുന്നു. നിലവില്‍, ഗൂഗിള്‍ മാപ്സ് അല്ലെങ്കില്‍ യൂട്യൂബ് പോലുള്ള ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവരുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ സമയത്ത് തന്നെ സേര്‍ച് എഞ്ചിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ലാണ് കോംപറ്റീഷന്‍ കമ്മീഷന് പരാതി ലഭിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it