പഴയതൊക്കെ പടിക്ക് പുറത്ത്, സ്ഥിതിവിവരക്കണക്കുകള്‍ക്ക് പുതിയ മേല്‍നോട്ട സംവിധാനവുമായി കേന്ദ്രം

ഔദ്യോഗിക ഡേറ്റയ്ക്കായി സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ക്കായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ (എസ്.സി.ഇ.എസ്) മാറ്റി കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ഓണ്‍ സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി.ഒ.എസ്) എന്ന പുതിയ ആഭ്യന്തര മേല്‍നോട്ട സംവിധാനം അവതരിപ്പിച്ചു. ഉപഭോഗച്ചെലവും തൊഴിലും സംബന്ധിച്ച മുന്‍ ഗാര്‍ഹിക സര്‍വേകളില്‍ നിന്നുള്ള ഡേറ്റയുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷന്‍ ബിബേക് ദെബ്രോയ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് കമ്മിറ്റിയെ നവീകരിക്കാനുള്ള ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ സ്ഥിതിവിവരക്കണക്കുകള്‍ക്കായുള്ള സര്‍വേകളില്‍ വൈദഗ്ധ്യത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി പലരും ഇതിന് സമ്പൂര്‍ണ പരിഷ്‌കരണം നിര്‍ദ്ദേശിച്ചിരുന്നു.

സ്റ്റാന്റിംഗ് കമ്മിറ്റി ഓണ്‍ സ്റ്റാറ്റിസ്റ്റിക്സ്

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന് (എന്‍.എസ്.ഒ) കീഴില്‍ നടത്തിയ എല്ലാ സര്‍വേകളുടെയും ചട്ടക്കൂടും ഫലങ്ങളും അവലോകനം ചെയ്യാന്‍ പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ഓണ്‍ സ്റ്റാറ്റിസ്റ്റിക്സിന് അധികാരമുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍.എസ്.സി) മുന്‍ ചെയര്‍മാനുമായ പ്രണാബ് സെന്നിനെ എസ്.സി.ഒ.എസ് എന്ന പുതിയ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. ഇതില്‍ 10 ഔദ്യോഗിക അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പാനലില്‍ 16 അംഗങ്ങള്‍ വരെ ഉണ്ടാകാം.

ഡേറ്റാ ഗുണനിലവാര പ്രശ്നങ്ങള്‍ പരിഹരിക്കുക, ഡേറ്റാ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാറ്റിസ്റ്റിക്സിന്റെ സഹായം തേടുക എന്നിവയാണ് എസ്.സി.ഒ.എസിനായുള്ള നിബന്ധനകളില്‍ ചിലത്. പാനല്‍ സര്‍വേ ഫലങ്ങള്‍ അന്തിമമാക്കുമ്പോള്‍ അവ പ്രസിദ്ധീകരിക്കുന്നതിനായി അംഗീകാരം നല്‍കാനുള്ള അധികാരം എന്‍.എസ്.സിക്കാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍.എസ്.സി പുനഃസംഘടിപ്പിച്ച് അതിന്റെ പാര്‍ട്ട് ടൈം ചെയര്‍പേഴ്സണായി രാജീവ ലക്ഷ്മണ്‍ കരണ്ടിക്കറിനെ നിയമിച്ചിരുന്നു.

വ്യാവസായിക മേഖല, സേവന മേഖല, തൊഴില്‍ മേഖല എന്നിവിടങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്യുന്നതില്‍ പുതിയ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ, വ്യവസായങ്ങളുടെ വാര്‍ഷിക സര്‍വേ, വ്യാവസായിക ഉല്‍പ്പാദന സൂചിക, സാമ്പത്തിക സെന്‍സസ് തുടങ്ങിയവ ഈ സ്ഥിതിവിവരക്കണക്കുകളിലൂടെയാണ് തയ്യറാക്കുന്നത്.

Related Articles
Next Story
Videos
Share it