ക്രൂഡ്ഓയിലില്‍ ഇസ്രയേല്‍ നീക്കം നിര്‍ണായകം; ഇന്ധനവില കുറയ്ക്കുന്നതില്‍ കേന്ദ്രത്തിന് വീണ്ടുവിചാരം?

രാജ്യത്ത് ഒക്ടോബര്‍ അഞ്ചിന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന ഊഹപോഹം മുന്‍ ആഴ്ച്ചകളില്‍ ശക്തമായിരുന്നു. ക്രൂഡ്ഓയില്‍ വില 70 ഡോളറില്‍ നില്‍ക്കുന്ന സമയത്തായിരുന്ന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നു വന്നത്. പ്രധാന എണ്ണ കമ്പനികളുടെ തലവന്‍മാര്‍ ഈ നീക്കത്തോട് അനുകൂലമായും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിനെതിരേ ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതോടെ സ്ഥിതിഗതി മാറി.

ഒരൊറ്റ രാത്രി കൊണ്ട് ക്രൂഡ്ഓയില്‍ വില 6 ഡോളറിന് മുകളിലാണ് കയറിയത്. ചൈനയില്‍ നിന്നടക്കമുള്ള കുറഞ്ഞ ഡിമാന്‍ഡും മാന്ദ്യ സാഹചര്യം നിലനില്‍ക്കുന്നതുമാണ് ക്രൂഡ് വിലയെ താഴെ നിര്‍ത്തിയത്. ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കുമെന്ന ആശങ്ക ഉയരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

എണ്ണവിലയില്‍ എന്തുസംഭവിക്കും?

എതിരാളികളുടെ പ്രകോപനത്തില്‍ പെട്ടെന്ന് തിരിച്ചടി നല്‍കുന്നതല്ല ഇസ്രയേലിന്റെ രീതി. കാത്തിരുന്ന് സന്ദര്‍ഭമൊത്തു വരുമ്പോള്‍ പ്രഹരിക്കുകയാണ് അവരുടെ സ്വഭാവം. അതുകൊണ്ട് ഇറാനുമേല്‍ പെട്ടെന്നൊരു ആക്രമണം ഉണ്ടായേക്കില്ല എന്നു പറയാന്‍ സാധിക്കില്ല. ഇറാന്റെ എണ്ണ വിതരണ ശൃംഖലകളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. അങ്ങനെയൊരു ആക്രമണം ഉണ്ടായാല്‍ എണ്ണവില 80 ഡോളറും കടന്നു കുതിക്കും.

ഇന്ത്യയെ സംബന്ധിച്ച് എണ്ണ ഉത്പാദക രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രശ്‌നങ്ങളും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നതാണ്. അടുത്തിടെ ലിബിയയില്‍ നിന്നുള്ള എണ്ണ കയറ്റുമതി നേര്‍പകുതിയായി കുറഞ്ഞപ്പോള്‍ രാജ്യാന്തര തലത്തിലും വില ഉയര്‍ന്നിരുന്നു. ഇറാന്‍ എണ്ണയുടെ വലിയ ഉപഭോക്താക്കളല്ലെങ്കിലും അവിടുത്തെ പ്രതിസന്ധി ഇന്ത്യയെയും ബാധിക്കും.

കേന്ദ്രം റിസ്‌ക്കെടുക്കുമോ?

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ധന വില കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നായിരുന്നു വാര്‍ത്ത. ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ധനവില കുറച്ചാല്‍ എണ്ണക്കമ്പനികള്‍ക്കത് വലിയ നഷ്ടമാകും. ഇത്തരമൊരു സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ നിര്‍ണായക തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് വില കുറയ്ക്കണമെന്ന വാദം ബി.ജെ.പിക്കുള്ളിലും എന്‍.ഡി.എ സഖ്യത്തിലും ഉയരുന്നുണ്ട്.

80 ഡോളറിനു മുകളിലേക്ക് എണ്ണവില ഉയരില്ലെന്ന് ഉറപ്പിക്കാനായാല്‍ ചെറിയ തോതിലെങ്കിലും വിലകുറയ്ക്കാന്‍ കേന്ദ്രം തയാറായേക്കും. നിലവില്‍ ക്രൂഡ് ഓയില്‍ വില 74 ഡോളറിലാണ്. ബ്രെന്റ് ക്രൂഡ് 78 ഡോളറിലെത്തിയിട്ടുണ്ട്. സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് പോയാല്‍ 80 ഡോളറിലേക്ക് അടുത്ത ദിവസം തന്നെയെത്തും.
Related Articles
Next Story
Videos
Share it