

ദേശീയപാതാ വികസനത്തിൽ സ്വകാര്യ മൂലധനം ആകർഷിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതികൾ കൂടുതൽ ആകർഷകമാക്കാൻ സർക്കാർ സമഗ്രമായ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുന്നു. റോഡ് നിർമ്മാണ പദ്ധതികളിൽ പൊതുഫണ്ടിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വികസനത്തിന്റെ വേഗത നിലനിർത്താനുമാണ് ഈ നീക്കം.
വർദ്ധിപ്പിച്ച VGF: സ്വകാര്യ കമ്പനികള്‍ ടോൾ പിരിവിലൂടെ ചെലവ് തിരിച്ചുപിടിക്കുന്ന (BOT-Toll) PPP പദ്ധതികൾക്ക് നിലവിൽ പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെയാണ് വി.ജി.എഫ് (Viability Gap Funding) ആയി ലഭിക്കുന്നത്. ഈ പരിധിക്ക് അപ്പുറത്തേക്ക് അധിക ധനസഹായം അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അധിക തുക ഹൈവേ അധികൃതര്‍ വാർഷിക ഗഡുക്കളായുള്ള ആന്വിറ്റി പേയ്‌മെന്റുകൾ വഴിയായിരിക്കും നൽകുക.
പുതുക്കിയ കരാർ വ്യവസ്ഥകൾ
സ്വകാര്യ ഡെവലപ്പർമാർക്ക് റിസ്ക് കുറയ്ക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ BOT-Toll പദ്ധതികളുടെ കരാർ രേഖകൾ പൂർണമായി പരിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്.
നിർമ്മാണം ആരംഭിക്കുന്നതിനുമുമ്പ് 95 ശതമാനം ആവശ്യമായ ഭൂമി ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിർദ്ദേശം പരിഗണനയിലാണ്. ഇത് പ്രോജക്ട് കാലതാമസവും ചെലവ് വർദ്ധനവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
സമീപ വർഷങ്ങളിൽ മിക്ക ദേശീയപാത പദ്ധതികളും EPC (Engineering, Procurement and Construction), HAM (Hybrid Annuity Model) എന്നിവയിലേക്ക് മാറിയിരുന്നു. സർക്കാർ ഫണ്ടിനെ കൂടുതലായി ആശ്രയിക്കുന്ന മാതൃകകളാണ് ഇവ. BOT-Toll പോലുള്ള PPP മോഡലുകൾക്ക് പുതുജീവൻ നൽകാനുള്ള സർക്കാരിന്റെ ഉദ്ദേശ്യമാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിലൂടെ പൊതുഖജനാവിന് അധികഭാരം ഉണ്ടാക്കാതെ ഹൈവേ വികസനം സുസ്ഥിരമാക്കാൻ കഴിയുമെന്നും അധികൃതര്‍ കരുതുന്നു.
Government plans to increase private investment in national highway projects.
Read DhanamOnline in English
Subscribe to Dhanam Magazine