സ്വര്‍ണക്കള്ളക്കടത്തിന് കുരുക്ക്; 'ലിക്വിഡ് ഗോള്‍ഡ്' ഇറക്കുമതിക്ക് നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ നീക്കം

സ്വര്‍ണം രാസലായനിയില്‍ ചേര്‍ത്ത് ഇറക്കുമതി നടത്തുന്ന തട്ടിപ്പിന് പുതിയ ചട്ടം തടയിടും
gold
gold canva
Published on

സ്വര്‍ണം രൂപം മാറ്റി ഇറക്കുമതി ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കുരുക്ക്. സ്വര്‍ണം മിശ്രിത ദ്രാവക രൂപത്തിലാക്കി (ലിക്വിഡ് ഗോള്‍ഡ്) കള്ളക്കടത്ത് നടത്തുന്നതിന് പുതിയ നിയമം തടയിടും. ഇത്തരത്തില്‍ അമൂല്യ ലോഹങ്ങള്‍ വിദേശത്ത് നിന്ന് കൊണ്ടു വരുന്നതിന് നേരത്തെ അനുമതി ആവശ്യമില്ലായിരുന്നു. ഇവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ഡി.എഫ്.ടി) ആണ് പുതിയ ഉത്തരവിറക്കിയത്.

കള്ളക്കടത്തിന് പൂട്ട്

നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ദ്രവരൂപത്തില്‍ ലോഹങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയാണ് പ്രധാനമായി എത്തിയിരുന്നത്. വിവിധ രാസലായനികളില്‍ സ്വര്‍ണവും വെള്ളിയും ചേര്‍ത്താണ് കൊണ്ടു വരുന്നത്. പിന്നീട് സ്വര്‍ണം വേര്‍തിരിച്ചെടുത്ത് വില്‍ക്കുന്നതാണ് രീതി. കഴിഞ്ഞ വര്‍ഷം 1.11 ലക്ഷം കിലോഗ്രാം ലിക്വിഡ് ഗോള്‍ഡ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇതില്‍ 16,800 കിലോഗ്രാം സ്വര്‍ണമുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. നികുതിയില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടമായത് 900 കോടി രൂപയാണ്.

ഇനി ലൈസന്‍സ് നിര്‍ബന്ധം

ലിക്വിഡ് ഗോള്‍ഡ് ഇറക്കുമതിക്ക് ഇനി മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. പലേഡിയം, റോഡിയം, ഇറിഡിയം എന്നിവയില്‍ ഒരു ശതമാനത്തിലധികം സ്വര്‍ണമുണ്ടെങ്കിലും ഇറക്കുമതിക്ക് ലൈസന്‍സ് ആവശ്യമാണ്.

ഇന്ത്യയിലേക്ക് ലിക്വിഡ് ഗോള്‍ഡ് പ്രധാനമായും എത്തുന്നത് തായ്‌ലാന്‍ഡ്, യു.എ.ഇ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. പുതിയ നിയമപ്രകാരം ഇന്ത്യയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ലിക്വിഡ് ഗോള്‍ഡ് കൊണ്ടു വരുന്നതിന് അനുമതി നല്‍കും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കെമിക്കല്‍ വ്യവസായങ്ങളില്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കാന്‍ പുതിയ ചട്ടം അനുവദിക്കുന്നുണ്ട്. പുതിയ നിയന്ത്രണം വരുന്നതോടെ സ്വര്‍ണം രൂപം മാറ്റി കള്ളക്കടത്ത് നടത്തുന്നത് തടയാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com