കൊറോണ വാക്‌സിന്‍: മുന്നറിയിപ്പുമായി സൈബര്‍ സെല്‍

കൊറോണ വാക്‌സിന്‍ ലഭ്യതയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മുതലെടുക്കാന്‍ സൈബര്‍ ക്രിമിനലുകളും. വാക്‌സിന്‍ ആദ്യം ലഭിക്കാന്‍ പണം കൊടുത്ത് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അറിയിപ്പും ലിങ്കും നല്‍കുന്ന സൈബര്‍ ക്രിമിലനുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സെല്‍. ഇമെയ്ല്‍ വഴിയും എസ്എംഎസുകള്‍ വഴിയുമാണ് ഇത്തരത്തില്‍ ആളുകളില്‍ നിന്ന് പണം തട്ടുന്ന സംഘം മെസേജ് അയക്കുന്നത്. അതിനൊപ്പം നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാമെന്നാണ് വാഗ്ദാനം. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണമടയ്ക്കാനുള്ള പെമേന്റ് ഗേറ്റ് വേ തുറന്നു വരും. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ചെന്നു ചാടരുതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാക്‌സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കേണ്ടവരുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാകും ആദ്യം നല്‍കുക. പൊതുജനങ്ങള്‍ക്ക് എപ്പോള്‍ ലഭ്യമാകും എന്നതു സംബന്ധിച്ച ഇതുവരെയും വ്യക്തതയായിട്ടില്ല. ഈ ആശങ്ക മുതലെടുക്കുകയാണ് സൈബര്‍ ക്രിമിനലുകള്‍ ചെയ്യുന്നത്.


Related Articles
Next Story
Videos
Share it