ഓലക്കും യൂബറിനും വെല്ലുവിളിയാകുമോ, കേന്ദ്രത്തിന്റെ സഹകാര്‍ ടാക്‌സി? സംരംഭം സഹകരണ മേഖലയില്‍, വിജയിക്കാന്‍ കടമ്പകള്‍ പലത്‌

ഇരുചക്ര വാഹനങ്ങൾ, റിക്ഷകൾ, കാറുകള്‍ തുടങ്ങിയവ രജിസ്റ്റർ ചെയ്യാൻ സഹകരണ സംഘങ്ങളെ അനുവദിക്കും.
online taxi
Image courtesy: Canva
Published on

ഓല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ യാത്രക്കാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും കൂടുതല്‍ നിരക്ക് ഈടാക്കുന്നുവെന്ന പരാതികള്‍ സജീവമാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ ഓണ്‍ലൈന്‍ ടാക്സി സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.

'സഹകാർ ടാക്സി' എന്നു പേരിട്ടിരിക്കുന്ന സംരംഭം ഡ്രൈവർമാർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

ഇരുചക്ര വാഹനങ്ങൾ, റിക്ഷകൾ, കാറുകള്‍ തുടങ്ങിയവ രജിസ്റ്റർ ചെയ്യാൻ സഹകരണ സംഘങ്ങളെ അനുവദിക്കുന്നതാണ് സംരംഭം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലാണ് സഹ്കർ ടാക്സി സേവനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശയവുമായി യോജിക്കുന്നതാണ് സംരംഭമെന്ന് അമിത് ഷാ പറഞ്ഞു. സര്‍വീസ് ചാര്‍ജും കമീഷനും ഒന്നും ഈടാക്കാതെ ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന ആപ്പാണ് ഉദ്ദേശിക്കുന്നത്. ഇത് ഡ്രൈവര്‍മാര്‍ക്കു മാത്രമല്ല, യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകും.

ആൻഡ്രോയിഡ് ഫോണ്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു നിരക്കും ഐഫോൺ വഴി ബുക്ക് ചെയ്യുമ്പോള്‍ വേറൊരു നിരക്കും ഈടാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി അടുത്തിടെ ഓല, യൂബര്‍ കമ്പനികള്‍ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ രണ്ടു കമ്പനികളും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. ഇത്തരം വ്യത്യസ്ത വിലനിർണ്ണയം "അന്യായമായ വ്യാപാര രീതി"യാണെന്നാണ് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിശേഷിപ്പിച്ചത്.

30 ശതമാനം വരെയാണ് സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്നത്. മാത്രവുമല്ല ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ അസമത്വങ്ങള്‍ ഉളളതായും വിമര്‍ശനങ്ങളുണ്ട്. പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദവും ആശ്വാസകരവുമാണ് ഓണ്‍ലൈന്‍ ലൈന്‍ ടാക്സി സേവനങ്ങള്‍. തുടങ്ങുന്നതിനേക്കാള്‍ പ്രധാനം, എത്രത്തോളം കാര്യക്ഷവും പ്രയോജനകരവുമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ വിജയം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com