

ലുലുഗ്രൂപ്പിന്റെയും മലയാളി ശതകോടീശ്വരന്‍ എം.എ യൂസഫലിയുടെയും ആന്ധ്രപ്രദേശിലേക്കുള്ള പ്രവേശനത്തിന് പച്ചക്കൊടി കാണിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള കോടികള്‍ വിലപിടിപ്പുള്ള ഭൂമി ലുലുഗ്രൂപ്പിന് കൈമാറുന്നതിനെതിരേ ഇടതുപാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പാര്‍ട്ടികളുടെ എതിര്‍പ്പ് വകവയ്ക്കാതെ വിശാഖപട്ടണത്തും വിജയവാഡയിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഭൂമി നല്കാനാണ് തീരുമാനമായത്.
വിശാഖപട്ടണം ഹാര്‍ബര്‍ പാര്‍ക്കിലെ 13.74 ഏക്കര്‍ ഭൂമിയും വിജയവാഡയിലെ ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (APSRTC) ബസ് ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള 4.15 ഏക്കറുമാണ് ലുലുഗ്രൂപ്പിന് നല്കിയത്. 99 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍.
ലുലുവിന്റെ ഷോപ്പിംഗ് മാള്‍ പദ്ധതിക്കു വേണ്ടിയാണ് സ്ഥലം കൈമാറിയത്. ആദ്യത്തെ മൂന്നു വര്‍ഷം വാടക ഒഴിവാക്കി നല്കുന്ന രീതിയിലാണ് കരാര്‍. ഓരോ പത്തുവര്‍ഷം കൂടുന്തോറും പാട്ടത്തുക 10 ശതമാനം വര്‍ധിക്കുന്ന രീതിയിലാണ് കരാര്‍. സര്‍ക്കാരിന് വരുമാനം ലഭിക്കുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലുലുഗ്രൂപ്പിന്റെ വരവ് സഹായകമാകും.
1,066 കോടി രൂപ മുതല്‍മുടക്കില്‍ മൂന്നു നിലകളില്‍ 13.50 ലക്ഷം ചതുരശ്രയടിയില്‍ വലിയ മാള്‍ വിശാഖപട്ടണത്ത് നിര്‍മിക്കാനാണ് ലുലുഗ്രൂപ്പിന്റെ പദ്ധതി. ഒരേസമയം 2,000 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന രീതിയില്‍ ആറുലക്ഷം ചതുരശ്രയടി പാര്‍ക്കിംഗ് സൗകര്യവും നിര്‍ദിഷ്ട പദ്ധതി വിഭാവനം ചെയ്യുന്നു.
വിജയവാഡയിലെ മാള്‍ ഉയരുക 156 കോടി മുതല്‍മുടക്കിലാണ്. മൂന്നു നിലകളിലായി 2.32 ലക്ഷം ചതുരശ്രയടിയിലാകും ഈ മാള്‍ വരിക. 120 റീട്ടെയ്ല്‍ ഷോപ്പുകള്‍ മാളിലുണ്ടാകും. പാര്‍ക്കിംഗ് കപ്പാസിറ്റി 200 വാഹനങ്ങളാണ്. വിശാഖപട്ടണത്തെ അപേക്ഷിച്ച് താരതമ്യേന വലുപ്പം കുറഞ്ഞതാകും ഈ മാള്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം.
2017ലാണ് ആന്ധ്രയിലേക്ക് വരാന്‍ യൂസഫലി താല്പര്യം പ്രകടിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ലുലുവിന് എല്ലാവിധ പിന്തുണയും നല്കി. 13.8 ഏക്കര്‍ സ്ഥലം വിശാഖപട്ടണത്ത് പാട്ടത്തിന് നല്കുകയും ചെയ്തു.
2019ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇതോടെ ലുലുവുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കി. 2024ല്‍ എന്‍ഡിഎ നേതൃത്വത്തില്‍ നായിഡു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine