ആനുകൂല്യം വര്‍ധിപ്പിച്ച്‌ കേന്ദ്രം; 49 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും നേട്ടം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 46 ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വര്‍ധിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏഴാം ശമ്പള കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ഡി.എ വര്‍ധന.

ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 49.18 ലക്ഷം ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. അതായത് ജീവനക്കാരും പെന്‍ഷകാരുമടക്കമുള്ള ഒരുകോടിയിലധികം പേര്‍ക്ക് പ്രയോജനം ലഭിക്കും. വിലക്കയറ്റം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ കേന്ദ്ര സര്‍ക്കാരിന് വര്‍ഷം 12,868.72 കോടിയുടെ അധികച്ചെലവുണ്ടാകും.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ടി.എ, കാന്റീന്‍ അലവന്‍സ്, ഡെപ്യൂട്ടേഷന്‍ അലവന്‍സ് എന്നിവയില്‍ 25 ശതമാനം വര്‍ധനയുണ്ടാകും. നഗരങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടുവാടക അലവന്‍സ് അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നിങ്ങനെയാക്കി ഉയര്‍ത്തി. മുമ്പ് ഇത് 27, 19, 9 എന്ന ക്രമത്തിലായിരുന്നു. ഇത്തരം അലവന്‍സുകളില്‍ ഏര്‍പ്പെടുത്തിയ വര്‍ധനമൂലം വര്‍ഷം 9,400 കോടിയുടെ അധിക ബാധ്യതയുണ്ടാവും.

Related Articles
Next Story
Videos
Share it