ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 'സുന്ദരി ഓട്ടോ' പദ്ധതിയുമായി സര്‍ക്കാര്‍

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി 'സുന്ദരി ഓട്ടോ' പദ്ധതിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഓട്ടോകള്‍ ആധുനിക രീതിയില്‍ സജ്ജമാക്കും. ടൂറിസം വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ഓട്ടോ തൊഴിലാളികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങളിലും നഗരങ്ങളിലും നിയോഗിക്കും.

ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. വയനാട്ടില്‍ 'ടുക്ക് ടുക്ക് ടൂര്‍' എന്ന പേരില്‍ പദ്ധതി കഴിഞ്ഞവര്‍ഷം നടപ്പാക്കിയിരുന്നു. ഇത് വിജയമായതോടെയാണ് സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നത്. തൊഴില്‍, ഗതാഗത വകുപ്പുകളുടെ സഹകരണവും തേടും. ടൂറിസം, ഗതാഗത, തൊഴില്‍ മന്ത്രിമാരുടെ അധ്യക്ഷതയില്‍ വൈകാതെ യോഗം ചേരും.

ഉള്‍നാടന്‍ ടൂറിസം വളര്‍ത്തും

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമെ പ്രാദേശിക സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയും അതുവഴി ഉള്‍നാടന്‍ ടൂറിസത്തിന് കരുത്തുപകരുകയുമാണ് ലക്ഷ്യം. വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ സഞ്ചാരികള്‍ക്ക് സഹായകരമാകും. ഗ്രാമപ്രദേശങ്ങളിലെ അറിയപ്പെടാത്ത ടൂറിസ്റ്റ് സ്പോട്ടുകള്‍ കണ്ടെത്തുന്നതിനും, സഞ്ചാരികളെ സുഗമമായി പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും സാധിക്കും.

പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ ഗ്രാമീണത അന്താരാഷ്ട്രതലത്തില്‍ എത്തിച്ച് ടൂറിസം രംഗത്ത് പുതിയ വിപണി സാധ്യതകള്‍ കണ്ടെത്താമെന്നും ടൂറിസം വകുപ്പ് വിലയിരുത്തുന്നു. സുന്ദരി ഓട്ടോയില്‍ വൈഫൈ, ടൂറിസം കേന്ദ്രങ്ങളിലെ വിവരങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം എന്നിവയുണ്ടാകും. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തും. ഇവരെ ബന്ധപ്പെട്ടാല്‍ ടൂറിസ്റ്റുകള്‍ പറയുന്ന സ്ഥലത്ത് ഓട്ടോയെത്തും.

വിവിധ വകുപ്പുകളുടെ സഹായത്തോടെ

ടൂര്‍ ഓപ്പറേറ്രര്‍മാര്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ട്, തദ്ദേശസ്ഥാപനങ്ങളുടെ ടൂറിസം ഗൈഡന്‍സ് സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയും ബുക്ക് ചെയ്യാം. ഓട്ടോയില്‍ പതിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താകും ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുക. ഓട്ടോകളില്‍ ടൂറിസം വകുപ്പിന്റെ ലോഗോയും ഉള്‍പ്പെടുത്തും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it