രാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയം, വാഹന വ്യവസായ ലോകത്തിന് ആശങ്ക മാറുന്നില്ല

മായം കലര്‍ത്തല്‍ കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
petrol pump
canva
Published on

രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഈ വിഷയത്തില്‍ വാഹന വ്യവസായ രംഗത്തുള്ളവര്‍ ഇതിനകം തങ്ങളുടെ ആശങ്ക പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇന്ധനത്തിന്റെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. ഈ പരിശോധനകള്‍ സ്ഥിരമായി നടത്തുന്നതാണ്. ക്ലോറൈഡ്, സള്‍ഫൈഡ് എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ 2,000-ത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

രാജ്യത്താകെ ഇതുവരെ ക്ലോറൈഡ് മലിനീകരണം കണ്ടെത്തിയത് രണ്ട് കേസുകളില്‍ മാത്രമാണ്. ആ പമ്പുകളില്‍ നിന്നുള്ള വില്‍പന ഉടന്‍ തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

കര്‍ശന നിരീക്ഷണം

ഇന്ധന വിതരണ ശൃംഖലയില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ രാജ്യത്തെ 87,000-ത്തിലധികം ഇന്ധന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും കൃത്യമായ പരിശോധന നടക്കാറുണ്ട്. ദിവസവും 8 മുതല്‍ 12 തവണ വരെ ഇത്തരം പരിശോധനകള്‍ നടത്തിവരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, ക്ലോറൈഡ്, സള്‍ഫൈഡ് തുടങ്ങിയ മലിനീകരണ ഘടകങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ധന സാമ്പിളുകള്‍ ഇതിനകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

ഇന്ധനത്തില്‍ മായം കലര്‍ത്തല്‍ കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാഹന വ്യവസായത്തിന് ആശങ്ക

അതേസമയം, രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഇ20 പെട്രോളില്‍ അമിത അളവില്‍ ക്ലോറൈഡും ഈര്‍പ്പവും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വാഹന വ്യവസായത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളുടെ ഫ്യുവല്‍ സിസ്റ്റത്തിലും എക്‌സ്‌ഹോസ്റ്റ് ഘടകങ്ങളിലുമുണ്ടാകുന്ന തകരാറുകള്‍ സംബന്ധിച്ച് ഓട്ടോമൊബൈല്‍ നിര്‍മാതാക്കളും ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളും തമ്മില്‍ ആശയവിനിമയം നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, ഫ്യുവല്‍ പമ്പുകള്‍ തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തകരാറിലാകുന്നതായി വാഹന നിര്‍മാതാക്കള്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ക്ലോറൈഡിന്റെ സാന്നിധ്യം മൂലമുള്ള തുരുമ്പും തേയ്മാനവുമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

പഴക്കമേറിയ ഭൂഗര്‍ഭ സംഭരണ ടാങ്കുകള്‍, ഇന്ധന പൈപ്പുകള്‍, ഫ്യുവല്‍ ടാങ്കറുകള്‍ എന്നിവയാണ് മലിനീകരണത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈര്‍പ്പം എളുപ്പത്തില്‍ ആഗിരണം ചെയ്യുന്ന എഥനോളിന്റെ സ്വഭാവവും പ്രശ്‌നം രൂക്ഷമാക്കുന്നു. മണ്‍സൂണ്‍ കാലത്തും തീരദേശ പ്രദേശങ്ങളിലുമുള്ള സംഭരണ സംവിധാനങ്ങളിലൂടെ വെള്ളം കലരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.

മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ ഉള്‍പ്പെടെയുള്ള ചില വാഹന നിര്‍മാതാക്കള്‍ ഇന്ധനത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നേരത്തെ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

E-20 Fuel And Insurance Claim Rejection
Petrol Nozzle, Indian Rupees
petrol pump
car manufactuing plant
```html ```
logo
DhanamOnline
dhanamonline.com