

ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയന്ത്രണം സംബന്ധിച്ച കരട് ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ പാസാക്കിയ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രമോഷന്‍ ആന്റ് റെഗുലേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ചട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയന്ത്രണം, ഇ-സ്‌പോര്‍ട്‌സിന്റെയും ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിമുകളുടെയും പ്രചാരണം, കൃത്യമായ പരാതി പരിഹാര സംവിധാനത്തിലൂടെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ നടപടി. വിനോദം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയവക്ക് വേണ്ടി ഉപയോഗിക്കുന്ന ഗെയിമുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും മന്ത്രാലയം ലക്ഷ്യമിടുന്നു.
ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയന്ത്രണത്തിനായി ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി സ്ഥാപിക്കണമെന്നും കരട് ചട്ടങ്ങളില്‍ പറയുന്നു. ഡല്‍ഹിയിലാണ് അതോറിറ്റിയുടെ ആസ്ഥാനം. ഓണ്‍ലൈന്‍ ഗെയിമുകളെ ഇ-സ്‌പോര്‍ട്‌സ്, ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിം, ഓണ്‍ലൈന്‍ മണി ഗെയിം എന്നീ വിഭാഗങ്ങളായി തിരിക്കുന്നത് അതോറിറ്റിയുടെ ചുമതലയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പട്ടിക സൂക്ഷിക്കുന്നതും അതോറിറ്റിയാണെന്നും കരട് ചട്ടങ്ങള്‍ പറയുന്നു.
ഓരോ ഗെയിമുകളെയും വിവിധ വിഭാഗങ്ങളായി തിരിച്ച് രജിസ്റ്റര്‍ ചെയ്യിക്കുക, പരാതികള്‍ കേള്‍ക്കുക, പിഴശിക്ഷ വിധിക്കുക, സാമ്പത്തിക സ്ഥാപനങ്ങളുമായും അന്വേഷണ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയും അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്കാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അതോറിറ്റി അനുമതി നല്‍കുന്നത്.
ഉപയോക്താക്കളുടെ സംരക്ഷണത്തിനായി മൂന്ന് ഘട്ടങ്ങളുള്ള പരാതി പരിഹാര സംവിധാനം സ്ഥാപിക്കണമെന്നും കരട് ചട്ടങ്ങള്‍ പറയുന്നു. ഗെയിമിംഗ് പ്ലാറ്റ്‌ഫോം, അപ്പീല്‍ അതോറിറ്റി, ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി എന്നിങ്ങനെയാണ് പരാതി പരിഹാര സംവിധാനത്തിന്റെ ഘടന. ചട്ടങ്ങളില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. ചട്ടലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴശിക്ഷ വിധിക്കാമെന്ന് പറയുന്നുണ്ടെങ്കിലും എത്ര തുകയാണെന്ന കാര്യം ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine