Begin typing your search above and press return to search.
200 രൂപ ഗ്യാസ് സബ്‌സിഡി: കേരളത്തില്‍ 3.4 ലക്ഷം പേര്‍ക്ക് നേട്ടം
പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി പദ്ധതി കേന്ദ്രസര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് (2023-24) കൂടി നീട്ടിയതോടെ കേരളത്തില്‍ പ്രയോജനം ലഭിക്കുക 3.4 ലക്ഷം പേര്‍ക്ക്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ 1.07 കോടി ഗാര്‍ഹിക പാചകവാചക ഉപയോക്താക്കളുണ്ട്. ഇവരില്‍ 3.4 ലക്ഷം പേരാണ് ഉജ്വല പദ്ധതിയിലുള്ളത്.
പുനഃസ്ഥാപിച്ച സബ്‌സിഡി
കൊവിഡ് പശ്ചാത്തലത്തില്‍ പാചക വാതക സിലിണ്ടര്‍ വില വൻതോതിൽ താഴ്ന്നതോടെ, 2020 മേയിൽ കേന്ദ്രം പാചക വാതക സബ്‌സിഡി നിറുത്തലാക്കിയിരുന്നു. അന്ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ (14.2 കിലോഗ്രാം) വില 589 രൂപയായാണ് താഴ്ന്നത്. ഇപ്പോള്‍ വില 1110 രൂപയാണ്. വില വീണ്ടും ആയിരം രൂപ കടന്നതോടെ സബ്‌സിഡി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, 2021 മേയില്‍ ഉജ്വല യോജനക്കാര്‍ക്ക് മാത്രമായി കേന്ദ്രം സബ്‌സിഡി പുനഃസ്ഥാപിക്കുകയായിരുന്നു. 2022-23 വര്‍ഷത്തേക്ക് മാത്രമാണിതെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തുടര്‍ന്നാണ് ഇപ്പോള്‍ അടുത്തവര്‍ഷത്തേക്ക് കൂടി നീട്ടിയത്. രാജ്യത്താകെ 9 കോടി പേര്‍ക്കാണ് ഇതുപ്രകാരം സിലിണ്ടറൊന്നിന് 200 രൂപ വീതം സബ്‌സിഡി ലഭിക്കുക. സബ്‌സിഡിയോടെ വര്‍ഷം 12 സിലിണ്ടറുകള്‍ വാങ്ങാം.
പൊള്ളുന്ന വിലക്കയറ്റം
മാര്‍ച്ച് ആദ്യവാരം പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ (14.2 കിലോഗ്രാം) വില 50 രൂപ കൂട്ടിയിരുന്നു. ഇതോടെ കൊച്ചിയില്‍ വില 1110 രൂപയായി. പുറമേ 5 ശതമാനം ജി.എസ്.ടിയും വിതരണക്കാരന് 'ടിപ്പ്' കൊടുക്കുന്നുണ്ടെങ്കില്‍ അതും നല്‍കണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 351 രൂപയും കൂട്ടി 2124 രൂപയാക്കിയിരുന്നു (18 ശതമാനം ജി.എസ്.ടി പുറമേ).
Next Story
Videos