തൊഴിലുറപ്പില്‍ ഉഴപ്പിയാല്‍ പിടിവീഴും, നിരീക്ഷിക്കാന്‍ ഡ്രോണുകള്‍

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ (MGNREGS) നിരീക്ഷിക്കാന്‍ (Drones) ഡ്രോണുകല്‍ എത്തിയേക്കും. പദ്ധതികളുടെ കാര്യക്ഷമത നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനുള്ള അനുമതിതേടി ഗ്രാമവികസന മന്ത്രാലയം കേന്ദ്ര ക്യാബിനറ്റിനെ സമീപിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് എത്താതെ നിരവധി പേര്‍ പണം കൈപ്പറ്റുന്നുണ്ടെന്ന പരാതി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ നിരീക്ഷണം സഹായിക്കും എന്നാണ് വിലയിരുത്തല്‍. നിലവില്‍ പരീക്ഷണാര്‍ത്ഥം ഗുജറാത്തില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗത്തെ നിരീക്ഷിച്ചുവരുകയാണ് മന്ത്രാലയം.

ഗുജറാത്തിലെ പൈലറ്റ് പ്രോജക്ടിന് ശേഷം ഡ്രോണ്‍ നിരീക്ഷണത്തിന് വ്യക്തമായ ഒരു ചട്ടക്കൂടും മന്ത്രാലയം ആവിഷ്‌കരിക്കും. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന ഉള്‍പ്പടെയുള്ള പദ്ധതികളും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. തുടര്‍ന്ന് മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് പദ്ധതികളിലേക്കും ഡ്രോണ്‍ നിരീക്ഷണം വ്യാപിപ്പിക്കും.

ഭൂസര്‍വെ, കീടനാശിനി തളിക്കല്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക മന്ത്രാലയം ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡ്രോണ്‍ ശക്തി എന്ന പേരില്‍ ഒരു പദ്ധതി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it