തിരക്കുണ്ടെങ്കില്‍ ഇരട്ടി ചാര്‍ജ്! യൂബര്‍, ഓല ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍, ബുക്കിംഗ് ക്യാന്‍സല്‍ ചെയ്താല്‍ ഡ്രൈവര്‍ക്ക് 10 ശതമാനം പിഴ

എല്ലാ വര്‍ഷവും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു
Uber taxi and man in shock
Canva
Published on

യൂബര്‍, ഓല, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമുകള്‍ക്ക് തിരക്കേറിയ സമയങ്ങളില്‍ ഇരട്ടി ചാര്‍ജ് ഈടാക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. നേരത്തെ അടിസ്ഥാന നിരക്കിന്റെ 1.5 ശതമാനം വരെ ചാര്‍ജ് ഈടാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുതുക്കിയത്. തിരക്കില്ലാത്ത സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുക ഈടാക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതോടെ രാജ്യത്തിന്റെ പലയിടത്തും ഓണ്‍ലൈന്‍ ടാക്‌സി നിരക്ക് ഉയരുമെന്ന് ഉറപ്പായി. പല സംസ്ഥാനങ്ങളും പഴയ വാഹനങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ ടാക്‌സി രംഗത്ത് പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നും ആശങ്കയുണ്ട്. തിരക്കുള്ള സമയങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സാധാരണക്കാരന് താങ്ങാവുന്ന നിലയിലാക്കുന്നതിനും വലിയ രീതിയിലുള്ള ഡിസ്‌ക്കൗണ്ട് നല്‍കുന്നതില്‍ നിന്ന് സേവനദാതാക്കളെ തടയുന്നതിനുമാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ചുമതല സംസ്ഥാനങ്ങള്‍ക്ക്‌

പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണെന്നും ഇതില്‍ പറയുന്നു. ടാക്‌സി, ഓട്ടോറിക്ഷ, ബൈക്ക് ടാക്‌സി തുടങ്ങിയ വിഭാഗങ്ങളില്‍ അടിസ്ഥാന നിരക്ക് നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. ഇനി സംസ്ഥാന സര്‍ക്കാര്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെങ്കില്‍ സേവനദാതാക്കള്‍ അടിസ്ഥാന തുക നിശ്ചയിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കണം.

അച്ചടക്കം പഠിപ്പിക്കും

ഓരോ സേവനദാതാവിനും കീഴിലുള്ള എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഓരോ ഡ്രൈവര്‍മാര്‍ക്കും അഞ്ച് ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ടേം ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം. യാത്രക്കാരനെ കയറ്റാനായി ഡ്രൈവര്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ കാര്യത്തിലും പുതിയ നിര്‍ദ്ദേശമുണ്ട്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് വാഹനത്തില്‍ ലൊക്കേഷന്‍, ലൈവ് ട്രാക്കിംഗ് എന്നിവ സാധ്യമാക്കുന്ന ഡിവൈസുകള്‍ സ്ഥാപിച്ചിരിക്കണം. ഇതിലെ ഡാറ്റ സേവനദാതാവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് ലഭ്യമാക്കണം. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഉറപ്പാക്കണം. റേറ്റിംഗ് കുറവുള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത പരിശീലനവും ഉറപ്പാക്കണം. ഇതില്‍ പങ്കെടുക്കാത്ത ഡ്രൈവര്‍മാരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com