വരുന്നു, കേന്ദ്രത്തിന്റെ എ.ഐ കാമറ! ട്രാഫിക് ലംഘനം പിടിക്കും; പിഴ ഉടനടി

ട്രാഫിക് ലംഘനം കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടാന്‍ കേന്ദ്രസര്‍ക്കാരും നടപടികള്‍ തുടങ്ങി. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴകള്‍ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം. നിര്‍മിത ബുദ്ധി ഉള്‍പ്പടെയുള്ള നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു. സാറ്റ്‌ലൈറ്റ്‌ ബന്ധിത ടോള്‍ സംവിധാനത്തെ കുറിച്ചും പഠിച്ചു വരികയാണെന്നും ട്രാഫിക് ഇന്‍ഫ്രാ ടെക് എക്‌പോയുടെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സൂചിപ്പിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ദേശീയ പാതകളില്‍ ട്രാഫിക് കാമറകളുടെ എണ്ണം വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

തീരുമാനം മൂന്നു മാസത്തിനകം

സ്വകാര്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹകരണത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. മികച്ച ആശയങ്ങളെ കുറിച്ച് പഠിക്കാനും സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച ചെയ്യാനും ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ചെറിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കൂടി ഉള്‍പ്പെടുത്തി ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് നിഥിന്‍ ഗഡ്കരി പറഞ്ഞു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും സമയബന്ധിതമായി പിഴ ഈടാക്കുന്നതിനുമുള്ള സംവിധാനമാണ് വരികയെന്നും അദ്ദേഹം പറഞ്ഞു.

സാറ്റ്‌ലൈറ്റ് ബന്ധിത ടോള്‍ ബുത്തുകള്‍

ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളെ സാറ്റ്‌ലൈറ്റുമായി ബന്ധിപ്പിക്കുന്നതിനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇത് മൂലം ടോള്‍ ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാനും ടോള്‍ പിരിവില്‍ സുതാര്യത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് നിഥിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. പ്രതിവര്‍ഷം അഞ്ച് ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് ഉണ്ടാകുന്നത്. അപകടത്തില്‍ പെടുന്നവരില്‍ അധികവും 18-36 പ്രായപരിധിയില്‍ ഉള്ളവരാണ്. അപകടങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണെന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles
Next Story
Videos
Share it