രണ്ടാംഗ്രേഡ് ചൈനീസ് സ്റ്റീല്‍ 'വെട്ടാന്‍' ഇന്ത്യന്‍ നീക്കം; യു.എസും യൂറോപ്പും നോ പറഞ്ഞിടത്ത് ഷി ജിന്‍പിംഗിന് പരീക്ഷണകാലം

ഗുണനിലവാരം കുറഞ്ഞ സ്റ്റീല്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്ത് ഒഴിവാക്കാനുള്ള ചൈനീസ് നീക്കത്തിന് തടയിടാന്‍ ഇന്ത്യ. യൂറോപ്യന്‍ യൂണിയനും യു.എസും ഉയര്‍ന്ന നികുതി ഈടാക്കി ചൈനീസ് സ്റ്റീലിന് തടയിട്ട വഴിയെ നീങ്ങാനാണ് കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സ്റ്റീലിന്റെ വരവ് പരിധിവിട്ടതോടെ രാജ്യത്തെ പ്രമുഖ സ്റ്റീല്‍ നിര്‍മാതാക്കളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുകയായിരുന്നു.
ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയത് 3.45 മില്യണ്‍ ടണ്‍ സ്റ്റീലാണ്. കയറ്റുമതി ഇക്കാലയളവില്‍ 1.92 മില്യണ്‍ ടണ്ണായിരുന്നു. ആഗോള തലത്തില്‍ ആവശ്യകത കുറഞ്ഞത് സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ചൈനീസ് ഇറക്കുമതി കുത്തനെ ഉയര്‍ന്നത്.

ചൈനയ്ക്ക് പ്രതിസന്ധി

ഇന്ത്യയും കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ചൈനീസ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലാകും. യൂറോപ്യന്‍ യൂണിയനും യു.എസും നേരത്തെ തന്നെ ചൈനീസ് സ്റ്റീലിന് പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഘട്ടത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ചൈനീസ് കമ്പനികള്‍ ആശ്രയിച്ചത് ഇന്ത്യയെയാണ്. കുറഞ്ഞ നിരക്കില്‍ സ്റ്റീല്‍ പരമാവധി ഇന്ത്യയിലേക്ക് അവര്‍ കയറ്റുമതി ചെയ്തു.
യു.എസ് സ്റ്റീല്‍ വ്യവസായത്തെ താങ്ങിനിര്‍ത്തുന്നതിനായി ബൈഡന്‍ ഭരണകൂടം ചൈനീസ് സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. അയല്‍രാജ്യമായ മെക്‌സിക്കോയില്‍ നിന്ന് ചൈനീസ് സ്റ്റീല്‍ എത്തുന്നത് തടയാനായി മെക്‌സിക്കന്‍ സ്റ്റീലിനും ഇതേ തീരുവ ഈടാക്കി. യു.എസ് വിപണി നഷ്ടമായതും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഇന്ത്യയിലേക്ക് നോക്കാന്‍ ചൈനീസ് കമ്പനികളെ പ്രേരിപ്പിച്ചത്.

ഗുണമേന്മ പരിശോധന കര്‍ശനമാക്കും

ഗുണമേന്മയില്ലാത്ത ചൈനീസ് സ്റ്റീലിന്റെ വരവ് തടയാന്‍ ഗുണമേന്മ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീല്‍ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ നിലവില്‍ വിവിധ തരത്തിലുള്ള സ്റ്റീല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇനിമുതല്‍ പ്രാദേശികമായി നിര്‍മാണം ഇല്ലാത്ത സ്റ്റീല്‍ ഗ്രേഡുകള്‍ക്ക് മാത്രമേ എന്‍.ഒ.സി നല്‍കൂവെന്നാണ് വിവരം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി.ഐ.എസ്) നിബന്ധനകള്‍ പാലിക്കാത്ത സ്റ്റീല്‍ ഇറക്കുമതി തടയാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു.
Related Articles
Next Story
Videos
Share it