വെളിച്ചെണ്ണയുടെ വില കുറയാന്‍ വഴിതെളിയുന്നു, നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ സെപ്റ്റംബറില്‍ പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതോടെയാണ് വെളിച്ചെണ്ണ വിലയും ഉയര്‍ന്നു തുടങ്ങിയത്
coconut tree
canva
Published on

കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണകളുടെ വില പിടിച്ചു നിര്‍ത്താന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് വരുത്തി. 20 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്കാണ് നികുതി കുറച്ചത്. ഇതോടെ പാമോയില്‍ ഉള്‍പ്പെടെയുള്ള എണ്ണകളുടെ വില താഴും. രാജ്യത്ത് ആവശ്യമായ ഭക്ഷ്യഎണ്ണയുടെ 70 ശതമാനവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പാമോയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സണ്‍ഫ്‌ളവര്‍ ഓയില്‍ അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നും. ഇറക്കുമതി ചെലവ് കുറയുന്നതോടെ വിലയിലും കുറവുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

വെളിച്ചെണ്ണ വിലയില്‍ പ്രതിഫലിക്കുമോ?

വെളിച്ചെണ്ണ നേരിട്ട് ഇറക്കുമതി ഇല്ലെങ്കിലും പാമോയില്‍ ഉള്‍പ്പെടെയുള്ള എണ്ണകളുടെ വില കുറയുന്നത് മലയാളികള്‍ക്ക് ഗുണമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതോടെയാണ് വെളിച്ചെണ്ണ വിലയും ഉയര്‍ന്നു തുടങ്ങിയത്.

പാമോയില്‍ വില കുറയുന്നതോടെ സ്വഭാവികമായും ഉപയോക്താക്കള്‍ വെളിച്ചെണ്ണയിലും ആശ്രയത്വം കുറയ്ക്കും. ഇത് വെളിച്ചെണ്ണ ഡിമാന്‍ഡ് കുറയാനും അതുവഴി വില താഴാനും ഇടയാക്കും.

വെളിച്ചെണ്ണ വില ഉയര്‍ച്ചയില്‍

നാളികേര ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വെളിച്ചെണ്ണ വില ഉയര്‍ന്നു നില്‍ക്കുകയാണ്. നിലവില്‍ ചില്ലറ വില കിലോയ്ക്ക് 340 രൂപയ്ക്ക് മുകളിലാണ്. ഓണത്തോടെ വെളിച്ചെണ്ണ വില 500 രൂപയ്ക്ക് അടുത്ത് എത്തിയേക്കുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവച്ചിരുന്നു.

രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ മുന്നിലുള്ളത് തമിഴ്നാടും കര്‍ണാടകയുമാണ്. കേരളത്തില്‍ തെങ്ങുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരികയാണ്. തിരുവമ്പാടി, വടകര, പേരാമ്പ്ര, കണ്ണൂര്‍ ഭാഗങ്ങളിലാണ് കേരളത്തില്‍ കൃഷി കൂടുതലുള്ളത്.

ഇവിടങ്ങളില്‍ നിന്നുള്ള തേങ്ങ തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ ശേഖരിച്ച് അങ്ങോട്ട് കൊണ്ടുപോകുകയാണ്. തമിഴ്നാട്ടില്‍ കൊപ്രയാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് കൂലി തീരെ കുറവാണ്. മാത്രമല്ല കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ തേങ്ങയില്‍ നിന്ന് നിര്‍മിക്കുന്നുണ്ട്. ഇതും കേരള തേങ്ങ അതിര്‍ത്തി കടക്കാന്‍ കാരണമാകുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനത്തില്‍ 50 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചതാണ് ഇതിനു കാരണം. 2017-18 കാലഘട്ടത്തിലാണ് ഇതിനു മുമ്പ് ഉത്പാദനം വലിയതോതില്‍ ഇടിഞ്ഞത്.

Central government's import duty cut on palm oil may ease coconut oil prices in Kerala amid low coconut production

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com