ടാറ്റ ട്രസ്റ്റിലെ തര്‍ക്കത്തില്‍ ഇടപെടാന്‍ മന്ത്രിമാര്‍; എന്തുകൊണ്ടാണ് സ്വകാര്യ കമ്പനിയുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്? മഞ്ഞുരുകുമോ?

അപ്പര്‍ ലേയര്‍ എന്‍ബിഎഫ്‌സി വിഭാഗത്തില്‍ നിന്ന് കമ്പനിയെ മാറ്റണമെന്ന ടാറ്റ സണ്‍സിന്റെ ആവശ്യത്തോട് ആര്‍ബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയവും ചര്‍ച്ചയില്‍ വരുമെന്നാണ് സൂചന
Ratan Tata and N Chandrasekharan
Image : Tata.com
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ സണ്‍സിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതായി സൂചന. പ്രശ്‌നപരിഹാരത്തിന് ടാറ്റ ട്രസ്റ്റിലെ പ്രധാനികളുമായി രണ്ട് കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തുമെന്ന് ഇക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ടാറ്റ ട്രസ്റ്റ് ട്രസ്റ്റി ദരിയുസ് ഖംബട്ട എന്നിവരാകും ഡല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാരെ കാണുക.

157 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളെ നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. ഉപ്പു മുതല്‍ സെമി കണ്ടക്ടര്‍ വരെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്.

സാധാരണയായി സ്വകാര്യ കമ്പനികളുടെ ആഭ്യന്തര പ്രശ്‌നത്തില്‍ സര്‍ക്കാരുകള്‍ ഇടപെടാറില്ല. എന്നാല്‍ വളരെ വിശാലമായതും ഇന്ത്യയുടെ സാമ്പത്തികരംഗത്ത് നിര്‍ണായക സാന്നിധ്യവുമുള്ള ടാറ്റ ഗ്രൂപ്പിലെ പ്രതിസന്ധി രാജ്യത്തെയും ബാധിക്കുന്നതാണ്. ഈ പ്രശ്‌നം നീണ്ടുപോകുന്നത് ടാറ്റ ഗ്രൂപ്പിന് മാത്രമല്ല രാജ്യത്തിനും പ്രതികൂലമാണെന്ന തിരിച്ചറിവാണ് വിഷയത്തില്‍ ഇടപെടാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

പ്രശ്‌നപരിഹാരം സാധ്യമോ ?

ഏതൊക്കെ മന്ത്രിമാരാണ് ടാറ്റ ട്രസ്റ്റിലെ പ്രധാനികളുമായി ചര്‍ച്ച നടത്തുകയെന്നത് വ്യക്തമല്ല. പ്രധാനമായും രണ്ട് കാര്യങ്ങളിലൂന്നിയാകും ചര്‍ച്ചകളെന്നാണ് വിവരം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ട്രസ്റ്റിലെ ഭിന്നത ബാധിക്കാതിരിക്കാനുള്ള അഭിപ്രായ സമന്വയത്തിലെത്തിക്കുക എന്നതാണ് ആദ്യത്തെ അജന്‍ഡ.

ടാറ്റ സണ്‍സിന്റെ പ്രാഥമിക ഓഹരി വില്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതാണ് രണ്ടാമത്തെ അജന്‍ഡ. അപ്പര്‍ ലേയര്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലാണ് ടാറ്റ സണ്‍സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വര്‍ഷത്തിനകം ടാറ്റ സണ്‍സിന്റെ ഐപിഒ പൂര്‍ത്തിയാക്കണമെന്ന് 2022ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടാറ്റ സണ്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഡെഡ്‌ലൈന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. അപ്പര്‍ ലേയര്‍ എന്‍ബിഎഫ്‌സി വിഭാഗത്തില്‍ നിന്ന് കമ്പനിയെ മാറ്റണമെന്ന ടാറ്റ സണ്‍സിന്റെ ആവശ്യത്തോട് ആര്‍ബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയവും ചര്‍ച്ചയില്‍ വരുമെന്നാണ് സൂചന.

ടാറ്റ ട്രസ്റ്റ്

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളെ നിയന്ത്രിക്കുന്ന പാരന്റ് കമ്പനിയാണ് ടാറ്റ സണ്‍സ്. 1917ല്‍ ആരംഭിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണിത്. എന്നാല്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികളുടെ ഒരുകൂട്ടമാണ് ടാറ്റ ട്രസ്റ്റ്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളും ഈ ട്രസ്റ്റിന്റെ കീഴിലാണ്.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളിലെയും വരുമാനം ടാറ്റ സണ്‍സിലൂടെ ടാറ്റ ട്രസ്റ്റിലേക്ക് തന്നെ വന്നുചേരും. ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വരുമാനം ടാറ്റ ട്രസ്റ്റ് ഉപയോഗിക്കുന്നത്. ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ നിയമിക്കാനുള്ള അധികാരവും മുഖ്യഓഹരി ഉടമയായ ടാറ്റ ട്രസ്റ്റിനാണ്.

Indian government steps in to resolve internal dispute within Tata Trusts involving key Tata Group leaders

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com