ആ അഭ്യാസം ഇനി നടക്കില്ല, ഇ-കൊമേഴ്‌സ് വില്പനയുടെ 'കള്ളക്കളി' പൊളിക്കാന്‍ വടിയെടുത്ത് കേന്ദ്രം! കര്‍ശന മുന്നറിയിപ്പ്

സേവനങ്ങളോ ഉത്പന്നങ്ങളോ തീരാന്‍ പോകുന്നുവെന്ന തരത്തില്‍ ഉപയോക്താക്കളില്‍ ഭീതി ജനിപ്പിച്ച് വാങ്ങലിലേക്ക് നയിക്കുന്ന രീതി ഇനി നടക്കില്ല
ecommerce sales
Published on

ഇ-കൊമേഴ്‌സ് വില്പന സ്ഥാപനങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ, വില്പന രീതികള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉത്പന്നങ്ങളും വില്ക്കുന്നത് വ്യാപകമായതോടെയാണ് കര്‍ശന നീക്കവുമായി കേന്ദ്രം രംഗത്തെത്തുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന വില്പനരീതികള്‍ തടയുന്നതിനുള്ള ചട്ടം 2023 ഡിസംബറില്‍ കേന്ദ്രം വിജ്ഞാപനം ചെയ്തിരുന്നു. ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രം അന്‍പതിലേറെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ യോഗം വിളിച്ചിരുന്നു.

ഡാര്‍ക് പാറ്റേണിന് കടിഞ്ഞാണ്‍

ഉപയോക്താക്കളില്‍ ആശയക്കുഴപ്പവും ആശങ്കയും ജനിപ്പിക്കുന്ന തരത്തിലുള്ള വില്പന രീതികളാണ് ഡാര്‍ക്ക് പാറ്റേണ്‍ ഗണത്തില്‍ പെടുന്നത്. സേവനങ്ങളോ ഉത്പന്നങ്ങളോ തീരാന്‍ പോകുന്നുവെന്ന തരത്തില്‍ ഉപയോക്താക്കളില്‍ ഭീതി ജനിപ്പിച്ച് വാങ്ങലിലേക്ക് നയിക്കുന്ന രീതിയാണിത്. ഒട്ടുമിക്ക ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ട്. ഇതിന് തടയിടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ഡാര്‍ക്ക് പാറ്റേണ്‍ രീതി പിന്തുടരുന്ന കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്പ് ഇത്തരത്തിലുള്ള തെറ്റായ വില്പനരീതികള്‍ പിന്‍വലിക്കാന്‍ കമ്പനികള്‍ തയാറാകണം. ഇതിനായി കമ്പനികള്‍ ആഭ്യന്തര സമിതികളെ ചുമതലപ്പെടുത്തണമെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.

എന്തൊക്കെ മാറ്റംവരും?

നിശ്ചിത സേവനം ലഭിക്കാനോ വാങ്ങാനോ സൈന്‍ അപ്പ് ചെയ്യണമെന്ന വ്യവസ്ഥ, പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആയ നിരക്കില്‍ വില്ക്കുക, വാര്‍ത്തയെന്ന് തോന്നിക്കുന്ന രീതിയില്‍ പരസ്യം നല്കുക, ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, ഉത്പന്നങ്ങള്‍ കാര്‍ട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉത്പന്നങ്ങളെ കൂടി ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി നിയന്ത്രിക്കപ്പെടും.

The Indian government takes strict action against deceptive dark pattern sales tactics in e-commerce platforms

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com