ഡിസ്‌കൗണ്ട് കാണിച്ച് കസ്റ്റമേഴ്‌സിനെ പറ്റിക്കാനാകില്ല, ഓണ്‍ലൈന്‍ ഓഫറുകളില്‍ ഇനി പഴയ വിലയും കാണിക്കണം; കടുപ്പിച്ച് കേന്ദ്രം

ഇ-കൊമേഴ്സ് ചട്ടങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ നിയമം 2027 ജനുവരി ഒന്നുമുതല്‍
online shopping
Image courtesy: Canva
Published on

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വമ്പന്‍ ഡിസ്‌കൗണ്ടെന്ന് കാണിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന രീതികള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍. വിലക്കുറവ് പ്രഖ്യാപിക്കുമ്പോള്‍ പുതിയ വിലയ്‌ക്കൊപ്പം ഉല്‍പന്നത്തിന്റെ മുന്‍വിലയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഇനി വ്യക്തമായി കാണിക്കണം. ഓഫര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടയിലെ വില്‍പനയ്ക്ക് നല്‍കിയ ഏറ്റവും കുറഞ്ഞ വിലയായിരിക്കും മുന്‍വിലയായി കണക്കാക്കുക.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓഫറിന്റെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുകയാണെന്ന വ്യാപക പരാതികളിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. Consumer Protection (E-Commerce) Rules, 2020 ഭേദഗതി ചെയ്ത് Consumer Protection (E-Commerce) (Amendment) Rules, 2026 ആണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കിയത്. പുതിയ വ്യവസ്ഥകള്‍ 2027 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഓണ്‍ലൈന്‍ വ്യാപാരത്തിലെ വിലനിര്‍ണയം, സെര്‍ച്ച് റിസള്‍ട്ടുകള്‍, പണമടച്ച് പ്രമോട്ട് ചെയ്യുന്ന ലിസ്റ്റിംഗുകള്‍, ഡാര്‍ക്ക് പാറ്റേണുകള്‍, ഉപഭോക്തൃ പരാതികള്‍, വില്‍പനക്കാരുടെ വിവരങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങള്‍.

സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം പാടില്ല

ഉപയോക്താക്കള്‍ തിരയുന്ന കാര്യവുമായി ബന്ധമില്ലാത്ത ഉല്‍പന്നങ്ങളെ മുന്നിലെത്തിക്കുന്ന തരത്തിലോ തെറ്റിധരിപ്പിക്കുന്ന രീതിയിലോ സെര്‍ച്ച് റിസള്‍ട്ടുകളില്‍ കൃത്രിമം നടത്താന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഇനി കഴിയില്ല.

പണം വാങ്ങി പ്രമോട്ട് ചെയ്യുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും സാധാരണ സെര്‍ച്ച് റിസള്‍ട്ടുകളില്‍ കലര്‍ത്തി അവതരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്‌പോണ്‍സേഡ് ലിസ്റ്റിംഗ് ആണെങ്കില്‍ അത് ഉപയോക്താവിന് എളുപ്പത്തില്‍ മനസിലാകുന്ന തരത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ വ്യക്തമാക്കി.

ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ സ്വയം പരിശോധന നടത്തുകയും ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്ലാറ്റ്ഫോമില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണം.

2025ല്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ്ലൈനില്‍ ലഭിച്ച 17,71,622 പരാതികളില്‍ 5,11,196 എണ്ണം ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ടവയായിരുന്നു. മൊത്തം പരാതികളുടെ ഏകദേശം 29 ശതമാനമാണിത്.

ഉപഭോക്താവിന്റെ സമ്മതമില്ലാതെ നിശ്ചിത ആവശ്യങ്ങള്‍ക്കായി അവരുടെ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഇ-കൊമേഴ്സ് സേവനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റു സേവനങ്ങളുടെ ഫീസ് കൂട്ടിച്ചേര്‍ത്ത് ഒറ്റത്തുകയായി ഈടാക്കാനും പ്ലാറ്റ്ഫോമുകള്‍ക്ക് കഴിയില്ല.

ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി അതിവേഗം വളരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. 2025ല്‍ 28-30 കോടി ഓണ്‍ലൈന്‍ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. 2030ഓടെ ഇത് 42-44 കോടിയായി ഉയര്‍ന്നേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com