Begin typing your search above and press return to search.
ടിക്കറ്റ് ബുക്കിംഗ് മുതല്‍ ട്രെയിന്‍ ട്രാക്കിംഗ് വരെ; സൂപ്പര്‍ ആപ്പില്‍ സുപ്രധാന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
രാജ്യത്തെ റെയില്‍വേ സേവനങ്ങളെല്ലാം ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന സൂപ്പര്‍ ആപ്പ് സേവനങ്ങള്‍ വൈകാതെ അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, പി.എന്‍.ആര്‍ സ്റ്റാറ്റസ് ചെക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, റീഫണ്ടിംഗ് തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പ് വഴി ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നതെന്നാണ് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
ഒരു ദേശീയ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരന് വേണ്ട എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്‌ഫോമില്‍ തന്നെ നല്‍കുകയെന്നതിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നായിരുന്നു റെയില്‍വേയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അശ്വിനി വൈഷ്ണവിന്റെ മറുപടി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ റെയില്‍വേയ്ക്ക് വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി ( IRCTC) സഹകരിച്ചുകൊണ്ട്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംവിധാനങ്ങളുടെ ഉത്തരവാദിത്വമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ വിഭാഗമാണ് ഈ സൂപ്പര്‍ ആപ്പ് തയാറാക്കുന്നത്. വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങളെല്ലാം പുതിയ സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും.
കഴിഞ്ഞ വര്‍ഷം മാത്രം 5,300 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് നിര്‍മിക്കാന്‍ സാധിച്ചു. പത്തുവര്‍ഷം മുമ്പ് പ്രതിവര്‍ഷം 171 ട്രെയിന്‍ അപകടങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇത് 40ലേക്ക് താഴ്ത്താനായി. വരും വര്‍ഷങ്ങളില്‍ അപകടങ്ങള്‍ തീര്‍ത്തും കുറയ്ക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനുകള്‍ക്ക് വിദേശ ഓര്‍ഡര്‍
രാജ്യത്ത് ഹിറ്റായി മാറിയ വന്ദേഭാരത് ട്രെയിനുകള്‍ക്ക് വിദേശത്തു നിന്ന് അന്വേഷണങ്ങള്‍ വരുന്നതായി മന്ത്രി വ്യക്തമാക്കി. ചിലി അടക്കമുള്ള രാജ്യങ്ങള്‍ വന്ദേഭാരത് ട്രെയിനുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വന്ദേഭാരതിന്റെ ഏറ്റവും പുതിയ വേര്‍ഷനാകും കയറ്റുമതിക്കായി നിര്‍മിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos