ഏപ്രില്‍ ഒന്ന് മുതല്‍ ഏകീകൃത പെന്‍ഷന്‍! ആര്‍ക്കൊക്കെ ചേരാം? എന്താണ് ഉപയോഗം? അറിയേണ്ടതെല്ലാം

23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്
an old indian couple pension
image credit : canva
Published on

കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം -UPS) ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അംഗീകാരം നല്‍കിയ പദ്ധതി സംസ്ഥാനങ്ങള്‍ക്കും ആവശ്യമെങ്കില്‍ നടപ്പാക്കാം. 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.

പദ്ധതി ഇങ്ങനെ

25 വര്‍ഷത്തെ സേവനകാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക്, റിട്ടയര്‍മെന്റിന് മുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയാണ് പെന്‍ഷനായി ലഭിക്കുന്നത്. പണപ്പെരുപ്പം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ഇടവേളകളില്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും. ജീവനക്കാരന്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പെന്‍ഷന്റെ 60 ശതമാനം ലഭിക്കും. കൂടാതെ റിട്ടയര്‍മെന്റ് സമയത്ത് ഗ്രാറ്റുവിറ്റി, ലംപ്‌സം തുക എന്നിവയും ലഭിക്കും. എന്നാല്‍ പിരിച്ചുവിടപ്പെടുകയോ രാജിവക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. പത്തുവര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ളവര്‍ക്കും പദ്ധതി അന്യമാണ്. എന്‍.പി.എസില്‍ അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്ന തുകയുടെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സര്‍ക്കാരുമാണ് അടക്കേണ്ടത്. പുതിയ പദ്ധതിയില്‍ ജീവനക്കാരുടെ വിഹിതം 10 ശതമാനമാക്കി നിലനിറുത്തിയെങ്കിലും സര്‍ക്കാര്‍ വിഹിതം 18 ശതമാനമാക്കി വര്‍ധിപ്പിച്ചു.

ആര്‍ക്കൊക്കെ ചേരാം

2004 ജനുവരി ഒന്നിനോ അതിന് ശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലുള്ളവര്‍ക്ക് (എന്‍.പി.എസ്) ഇതിലേക്ക് മാറാന്‍ കഴിയും. പിന്നെ എന്‍.പി.എസിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ല. ഇനി യു.പി.എസിലേക്ക് മാറാന്‍ താത്പര്യമില്ലാത്തവര്‍ക്ക് എന്‍.പി.എസില്‍ തുടരാവുന്നതാണ്. പത്ത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് യു.പി.എസില്‍ ചേരാം. 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് പൂര്‍ണ പെന്‍ഷന് അര്‍ഹത. 10-25 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. 25 വര്‍ഷത്തെ സര്‍വീസിന് ശേഷം സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com