

ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്നു കരുതിയു.എസില്‍ സ്ഥിരതാമസമാക്കാമെന്ന് കരുതേണ്ടെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ മുന്നറിയിപ്പ്. വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനും സ്ഥിരതാമസത്തിനുമായി നല്കുന്നതാണ് പെര്‍മനന്റ് റെസിഡന്റ് കാര്‍ഡ് അഥവാ ഗ്രീന്‍കാര്‍ഡ്.
പ്രതിവര്‍ഷം 11 ലക്ഷത്തിലധികം ഗ്രീന്‍ കാര്‍ഡ് അപേക്ഷകളായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. നിരവധി ഇന്ത്യക്കാരും ഇത്തരത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തിരഞ്ഞെടുത്ത് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാറുണ്ട്. ആദ്യവട്ടം അധികാരത്തിലെത്തിയപ്പോഴും ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
രാജ്യസുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്നു കരുതി അജീവനാന്തം യു.എസില്‍ തങ്ങാമെന്ന് കരുതേണ്ടെന്നും ഒരു ടി.വി ഷോയില്‍ പങ്കെടുത്തു സംസാരിക്കവേ വാന്‍സ് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്രത്തെക്കാള്‍ തങ്ങള്‍ വിലകല്പിക്കുന്നത് ദേശീയ സുരക്ഷയാണ്. അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാക്കി ആരെ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും വാന്‍സ് വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരായി എത്തിയ ചിലര്‍ ഇസ്രയേല്‍ വിരുദ്ധ, ഹമാസ് അനുകൂല പ്രകടനങ്ങള്‍ നടത്തിയത് പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. യു.എസ് ക്യാംപസുകളെ ഇത്തരത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറ്റാന്‍ അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine