
ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ യു.എസില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചതാണ് ഇവര്‍ക്ക് വിനയായത്. അതിഥികളെപ്പോലെ പെരുമാറണമെന്നും ഇല്ലെങ്കില്‍ നാടുകടത്തുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി. വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനും സ്ഥിരതാമസത്തിനുമായി നല്കുന്നതാണ് പെര്‍മനന്റ് റെസിഡന്റ് കാര്‍ഡ് അഥവാ ഗ്രീന്‍കാര്‍ഡ്. യു.എസ് പൗരത്വത്തിന് വഴിതെളിയിക്കുന്ന എളുപ്പമാര്‍ഗം കൂടിയാണിത്.
ഗ്രീന്‍ കാര്‍ഡ് ഒരു ബഹുമതിയാണെന്നും അമേരിക്കന്‍ നിയമങ്ങളും മൂല്യങ്ങളും അംഗീകരിച്ചില്ലെങ്കില്‍ അത് തിരിച്ചെടുക്കുമെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യു.എസ്.സി.ഐ.എസ്) വ്യക്തമാക്കി. ഗ്രീന്‍ കാര്‍ഡും വിസയും അമേരിക്കയെ മെച്ചപ്പെടുത്താന്‍ വേണ്ടി അനുവദിക്കുന്നതാണ്. രാജ്യത്തെ തകര്‍ക്കാനുള്ളവര്‍ക്ക് ഉള്ളതല്ലെന്നും കഴിഞ്ഞ ദിവസം യു.എസ്.സി.ഐ.എസ് വ്യക്തമാക്കി.
സമാനമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലും വകുപ്പ് പുറത്തിറക്കിയിരുന്നു. എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന ഒന്നാണ് ഗ്രീന്‍ കാര്‍ഡ്. യു.എസിലേക്ക് പ്രവേശിച്ചാലും ഞങ്ങളുടെ സുരക്ഷാ പരിശോധന അവസാനിക്കുന്നില്ല. ഞങ്ങളുടെ നാട്ടിലെത്തി ഇവിടുത്തെ നിയമങ്ങള്‍ ലംഘിക്കാമെന്ന് കരുതണ്ട. അങ്ങനെയുള്ളവരെ നാടുകടത്തുമെന്നും രണ്ട് ദിവസം മുമ്പ് കുടിയേറ്റ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തല്‍. യു.എസ് പൗരന്മാര്‍ അല്ലാത്തവരെ നിയമലംഘനത്തിന് പിടിച്ചാല്‍ അവരുടെ സ്റ്റാറ്റസ് റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. നേരത്തെ ഗ്രീന്‍ കാര്‍ഡ് സ്റ്റാറ്റസ് റദ്ദാക്കപ്പെട്ടാല്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് ഇത്തരക്കാരെ അടിയന്തരമായി നാടുകടത്തും. കോടതിയില്‍ ചോദ്യം ചെയ്യാനും അവകാശമില്ല.
യു.എസ് പൗരത്വത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. നിലവിലെ സാഹചര്യം അനുസരിച്ച് 50 വര്‍ഷം വരെയാണ് ഇന്ത്യക്കാര്‍ പൗരത്വത്തിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കേണ്ടത്. യു.എസ് കണക്കുകള്‍ അനുസരിച്ച് 12 ലക്ഷം ഇന്ത്യക്കാരാണ് തൊഴിലുമായി ബന്ധപ്പെട്ട ഗ്രീന്‍ കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്നത്. പ്രതിവര്‍ഷം 6.75 ലക്ഷം ഗ്രീന്‍ കാര്‍ഡുകളാണ് യു.എസ് അനുവദിക്കുന്നത്. എന്നാല്‍ 34.7 ലക്ഷം പേര്‍ ഇതിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഗ്രീന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ ഇത്രയും കാലതാമസമെന്ന് വിദഗ്ധര്‍ പറയുന്നു.
അടുത്തിടെ യു.എസിലെ ചിലയിടങ്ങളില്‍ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ വിദേശ വിദ്യാര്‍ത്ഥികളും ഗ്രീന്‍ കാര്‍ഡ് ഉള്ളവരും പങ്കെടുത്തെന്നും കണ്ടെത്തി. തുടര്‍ന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ചിലരെ നാടുകടത്തി. ഇതിന് പിന്നാലെയാണ് കുടിയേറ്റ വിഷയത്തില്‍ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine