

വ്യവസായശാലകളില്‍ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന് (Natural gas) ബദലാകാന്‍ ഹരിത ഹൈഡ്രജന് (Green Hydrogen) കഴിയുമെന്ന് വിലയിരുത്തല്‍. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഹൈഡ്രജന്റെ വില കുറയുന്ന സാഹചര്യത്തില്‍ അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമായേക്കുമെന്ന് കേന്ദ്ര സ്റ്റീല്‍ സെക്രട്ടറി സന്ദീപ് പൗന്ദ്രിക്ക് പറഞ്ഞു. ബദല്‍ മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ വ്യവസായങ്ങളെ, പ്രത്യേകിച്ചും സ്റ്റീല്‍ ഉത്പാദന മേഖലയെ, കാര്‍ബണ്‍ മുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരാനും ഗ്രീന്‍ ഹൈഡ്രജന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സ്റ്റീല്‍ മേഖലയില്‍ വലിയ നിക്ഷേപ അവസരങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിരോധം, ബഹിരാകാശം, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളുടെ വളര്‍ച്ച ഉയര്‍ന്ന ഗുണമേന്മയുള്ള സ്റ്റീലിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ മേഖല വമ്പന്‍ വ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെന്ന ധാരണ തെറ്റാണ്. രാജ്യത്തെ സ്റ്റീല്‍ ഉത്പാദനത്തിന്റെ 47 ശതമാനവും നടക്കുന്നത് 2,200 എം.എസ്.എം.ഇ യൂണിറ്റുകളില്‍ നിന്നാണ്. സ്റ്റീല്‍ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ കാര്യമായി നടത്തിവരികയാണ്. വില കുറഞ്ഞ സ്റ്റീല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2047ലെത്തുമ്പോള്‍ 500 മില്യന്‍ ടണ്ണാക്കി സ്റ്റീല്‍ ഉത്പാദനം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏറ്റവും സാമ്പത്തിക വളര്‍ച്ചാ സാധ്യതയുള്ളതും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതുമായ ഒരു മേഖലയാണ് സ്റ്റീല്‍ വ്യവസായം. കല്‍ക്കരി, പ്രകൃതി വാതകം പോലുള്ള ഫോസില്‍ ഇന്ധനങ്ങളാണ് സാധാരണ ഇതില്‍ ഉപയോഗിക്കുന്നത്. സ്വാഭാവികമായും വലിയ മലിനീകരണത്തിനും ഇതിടയാക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ 12 ശതമാനവും സ്റ്റീല്‍ വ്യവസായ മേഖലയില്‍ നിന്നാണ്. എന്നാല്‍ സ്റ്റീല്‍ ഉത്പാദനത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പോലുള്ള ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മലിനീകരണം വലിയ രീതിയില്‍ കുറക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കല്‍ക്കരി ഉപയോഗിക്കാതെ ഇരുമ്പില്‍ നിന്ന് സ്റ്റീല്‍ വേര്‍തിരിച്ചെടുക്കാമെന്നതാണ് പ്രത്യേകത. രാജ്യത്തെ പല സ്റ്റീല്‍ കമ്പനികളും പതിയെ പ്രകൃതി സൗഹൃദമായ ഗ്രീന്‍ സ്റ്റീലിലേക്ക് മാറുകയാണ്.
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന ഗ്രീന്‍ ഹൈഡ്രജന്‍ രംഗത്ത് വലിയ മുന്നേറ്റം നടത്താനുള്ള ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്. തുറമുഖവും വിമാനത്താവളവും എണ്ണശുദ്ധീകരണ ശാലകളുമുള്ള കൊച്ചിയില്‍ പ്രതിവര്‍ഷം 120 കിലോ ടണ്‍ ഗ്രീന്‍ഹൈഡ്രജന്റെ ആവശ്യമുണ്ടെന്നാണ് കണക്ക്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാനത്ത് അനെര്‍ട്ടിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മാണ പ്ലാന്റ് ഉള്‍പ്പെടെ 133 കോടി രൂപയുടെ ഹൈഡ്രജന്‍ വാലി പദ്ധതിക്ക് കേന്ദ്രഅനുമതി ലഭിച്ചിട്ടുണ്ട്.
വ്യവസായങ്ങള്‍ക്ക് പുറമെ ഗതാഗത രംഗത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ദക്ഷിണേന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവലിംഗ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം സ്റ്റേഷനുകള്‍ തുറക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ കോടികളുടെ വരുമാനവും ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനും മലിനീകരണം കുറക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine