കേരളത്തിലെ അഞ്ചാം വിമാനത്താവളത്തിന് 'തത്വത്തിൽ അനുമതി' നൽകാൻ കേന്ദ്രം; പ്രഖ്യാപനം നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ്

പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാര്‍ക്ക് ശേഷിയുള്ള ടെര്‍മിനലും അനുബന്ധമായ കാര്‍ഗോ സൗകര്യങ്ങളുമുണ്ടാകും
airport
airportCanva
Published on

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണകരമാകുന്ന നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വൈകാതെ ലഭിക്കുമെന്ന് സൂചന. കേരളത്തിലെ അഞ്ചാം വിമാനത്താവളത്തിന്റെ പ്രഖ്യാപനം നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടായേക്കും. കോട്ടയം ജില്ലയില്‍ എരുമേലിക്കടുത്ത് ചെറുവള്ളി എസ്‌റ്റേറ്റിലെ 2,000 ഏക്കര്‍ സ്ഥലത്ത് വിഭാവനം ചെയ്യുന്ന വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരമാണ് ലഭിക്കുക. ഇന്ത്യാ സര്‍ക്കാരിന്റെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയമനുസരിച്ച് മുന്‍ഗണനാ പട്ടികയിലുള്ള വിമാനത്താവളമാണ് എരുമേലിയിലേത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ രണ്ടാം ഘട്ട പരിശോധന കേന്ദ്ര സര്‍ക്കാര്‍ നടത്തി വരികയാണ്. നിര്‍ദിഷ്ട സ്ഥലം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.

വലിയ വിമാനങ്ങള്‍ക്കും സൗകര്യം

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച വിശദ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ (ഡി.പി.ആര്‍) 3,000 മീറ്റര്‍ നീളമുള്ള റണ്‍വെയാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ബോയിംഗ് 777 ഉള്‍പ്പടെ അന്താരാഷ്ട്ര നിലവാരമുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിന് സൗകര്യമൊരുക്കും. പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാര്‍ക്ക് ശേഷിയുള്ള ടെര്‍മിനലും പദ്ധതിയില്‍ ഉണ്ട്. അനുബന്ധമായ കാര്‍ഗോ സൗകര്യങ്ങളുമുണ്ടാകും.

അടുത്ത നടപടിയെന്ത്?

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തിലുള്ള അനുമതി നല്‍കിയാല്‍, ഡി.പി.ആറിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നത് അടക്കുമുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാകും. ഏത് രീതിയുള്ള നിര്‍മാണം വേണമെന്നത് അടുത്ത ഘട്ടത്തിലാണ് തീരുമാനിക്കുക.

ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് എരുമേലിയില്‍ വിമാനത്താവളത്തിന് അനുമതി അടുത്തു വരുന്നത്. നേരത്തെ സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. സ്ഥലത്തിന്റെ രേഖകളുടെ പരിശോധന സംബന്ധിച്ചും സാമൂഹ്യാഘാത പഠനത്തിന്റെ അപാകത സംബന്ധിച്ചും കേരള ഹൈക്കോടതിയില്‍ നിയമപ്രശ്നങ്ങളും നിലനിന്നിരുന്നു. ഇതെല്ലാം പരിഹരിക്കപ്പെട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com