

ജി.എസ്.ടി നിരക്കിളവിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് നല്‍കാതെ കമ്പനികള്‍ സ്വന്തം പോക്കറ്റിലാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍. നിരക്ക് ഇളവിന് മുമ്പും ശേഷവും രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വില പരിശോധിക്കാന്‍ ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരവധി നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. പുതുക്കിയ ഇളവുകള്‍ ഈ മാസം 22 മുതല്‍ നിലവില്‍ വരും. എന്നാല്‍ ഇതിന്റെ നേട്ടം ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായും ലഭിക്കില്ലെന്ന ആശങ്കയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
എഫ്.എം.സി.ജി ഉത്പന്നങ്ങള്‍, ഭക്ഷണം, മരുന്നുകള്‍, സിമന്റ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ പ്രതിമാസ വില വിവരം കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും ശേഖരിക്കണം. ഇക്കാര്യത്തിലെ ആദ്യ റിപ്പോര്‍ട്ട് ഈ മാസം മുപ്പതിന് മുമ്പ് സമര്‍പ്പിക്കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍മാര്‍ക്കും ചീഫ് കമ്മിഷണര്‍മാര്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി. വില നിരീക്ഷണം എല്ലാ ഫീല്‍ഡ് ഓഫീസുകളുടെയും മുന്‍ഗണനാ ജോലിയില്‍ ഉള്‍പ്പെടുത്തണം. എല്ലാ മാസവും ഇരുപതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഉത്പന്നത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, ജി.എസ്.ടി നടപ്പിലാക്കിയതിനും ശേഷവുമുള്ള വില തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നടപ്പിലാക്കുമ്പോള്‍ പരാതികള്‍ ഒഴിവാക്കാനും നേട്ടം ഉപയോക്താക്കളിലെത്താനും കമ്പനികള്‍ നിയമസഹായവും തേടിയിട്ടുണ്ട്. മിക്ക കമ്പനികളും ഇതിനായി നിയമസ്ഥാപനങ്ങളെ നിയമിച്ചിട്ടുണ്ട്. ചില ഉത്പന്നങ്ങളുടെ വില കുറക്കാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സാധിക്കുമോയെന്ന് അടക്കമുള്ള കാര്യങ്ങളില്‍ കമ്പനികള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ആന്റി പ്രോഫിറ്റീറിംഗ് ചട്ടങ്ങളുടെ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും കമ്പനികളുടെ ആവശ്യമാണ്.
2017ല്‍ ജി.എസ്.ടി നടപ്പിലാക്കിയതിന് പിന്നാലെ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ 2017 നവംബറിലാണ് നാഷണല്‍ ആന്റി പ്രോഫിറ്റീറിംഗ് അതോറിറ്റി (എന്‍.എ.എ) രൂപീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ 2019 വരെയാണ് പ്രവര്‍ത്തന കാലയളവ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് നീട്ടി. എന്നാല്‍ 2022 ഡിസംബറിന് ശേഷം ഇത്തരം പരാതികള്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയാണ് കൈകാര്യം ചെയ്തുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിനെ ചുമതലപ്പെടുത്തി. ജി.എസ്.ടി നിരക്ക് ഇളവിന്റെ പശ്ചായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ആന്റി പ്രോഫിറ്റീറിംഗ് അതോറിറ്റിയെ പുനസംഘടിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തരം കമ്പനികളെ കയ്യോടെ പിടികൂടിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാന്‍ ലിവര്‍ ഇത്തരത്തില്‍ 535 കോടിയുടെ അമിത ലാഭം ഉണ്ടാക്കിയെന്ന് അതോറിറ്റിയുടെ 2018ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 455 കോടി രൂപയും ഉപയോക്താക്കള്‍ക്ക് ലഭിക്കേണ്ട നേട്ടം തടഞ്ഞതിന്റെ പേരില്‍ കിട്ടിയതാണ്. സമാനമായ കേസുകളില്‍ പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ഗില്ലെറ്റ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്ക് എന്‍.എ.എ 241 കോടി രൂപയുടെ പിഴ വിധിക്കുകയും ചെയ്തിരുന്നു. അതോറിറ്റിയുടെ പ്രവര്‍ത്തന കാലയളവില്‍ 4,362 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 704 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Amid fears of profiteering, the Finance Ministry will compile price data of common use goods under GST 2.0 to ensure fair consumer benefits
Read DhanamOnline in English
Subscribe to Dhanam Magazine